ന്യൂഡല്‍ഹി: സാമ്പത്തിക ഞെരുക്കത്തിലും, പട്ടിണിയിലും ജനങ്ങളില്‍ ഭൂരിഭാഗവും വലയുമ്പോള്‍ അവകാശികളില്ലാതെ ബാങ്കുകളില്‍ കെട്ടികിടക്കുന്നത് 8864.6 കോടി രൂപ. 2.63 കോടി അക്കൗണ്ടുകളിലായാണ് ഇത്രയും തുക കിടക്കുന്നത്. ഇത്തരത്തില്‍ ബാങ്കില്‍ കിടക്കുന്ന പണത്തിന്റെ തോതില്‍ 10 വര്‍ഷം കൊണ്ട് 700 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തു വിട്ട കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്. അവകാശികളില്ലാത്ത അക്കൗണ്ടുകളില്‍ കൂടുതലും സേവിങ്സ് അക്കൗണ്ട് വിഭാഗത്തില്‍പ്പെട്ടവയാണ്. കറന്റ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം എന്നിവയും കുറവല്ല. മരണം, സ്ഥലം മാറ്റം തുടങ്ങിയ കാരണങ്ങളാണ് അവകാശികളില്ലാതെ നിക്ഷേപങ്ങള്‍ പെരുകുന്നതിന് കാരണമാകുന്നത്.