കൊച്ചി: ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി ബിനുരാജ് (34) തൂങ്ങിമരിച്ച നിലയില്‍. കേസിൻ്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് മരണം.
ഉദയംപേരൂര്‍ ഫിഷര്‍മെന്‍ കോളനി മീന്‍കടവില്‍ പള്ളിപ്പറമ്പ് ബാബുവിൻ്റെ മകള്‍ ചിന്നു എന്ന് വിളിക്കുന്ന നീതു (17) വിനെ 2014 ഡിസംബര്‍ 18 നാണ് ബിനുരാജ് കൊലപ്പെടുത്തിയത്.
ഒറ്റനില വീടിന്റെ ടെറസ്സില്‍ നിന്ന നീതുവിനെ ബിനുരാജ് വാക്കത്തികൊണ്ട് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനും കൈക്കുമായി 13 മുറിവുകളുണ്ടായിരുന്നു.
ഇരുവരും തമ്മില്‍ നേരത്തെ സ്നേഹത്തിലായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ ഒരുമിച്ച് പോവുകയും ബിനുരാജിൻ്റെ കുട്ടുകാരൻ്റെ വീട്ടില്‍ ഒരുദിവസം താമസിക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് നീതുവിന്റെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഉദയംപേരൂര്‍ പോലീസ് സ്റ്റേഷനില്‍ ഇരുവരെയും വിളിപ്പിക്കുകയും പതിനെട്ട് വയസ്സ് കഴിയുമ്പോൾ വിവാഹം നടത്തിക്കൊടുക്കാം എന്ന് ധാരണയാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ താല്പര്യമില്ലാതിരുന്ന നീതുവിനെ തൃപ്പൂണി ത്തുറയില്‍ ഒരു വനിതാ ഹോസ്റ്റലിലാക്കി. ഹോസ്റ്റലില്‍ നിന്ന് നീതു പിന്നീട് സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് പലപ്പോഴും നീതു ബിനുരാജിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഇതാണ് ഒടുവില്‍ മരണത്തില്‍ കലാശിച്ചത്.