തിരുവനന്തപുരം: ലോക കേരള സഭയുടെ പ്രഥമ സമ്മേളനം നിയമസഭാ മന്ദിരത്തില്‍ രാവിലെ 9.30 ന് ആരംഭിക്കും. 8.30 മുതല്‍ 9.30 വരെ അംഗങ്ങളുടെ രജിസ്ട്രേഷൻ.
സഭയുടെ രൂപീകരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആൻ്റണി പ്രഖ്യാപനം നടത്തും. തുടർന്ന് സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സഭാ നടത്തിപ്പിനെക്കുറിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പ്രഖ്യാപനം നടത്തും.
സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് പി.ജെ. കുര്യന്, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദന്, ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്ര പ്രവാസകാര്യവകുപ്പ് മന്ത്രി വയലാര്‍ രവി, വിവിധ റീജിയനുകളുടെ പ്രതിനിധികള്‍, പ്രമുഖ എന്‍.ആര്.ഐ വ്യവസായികള്‍, വിവിധ വിഷയ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ സംസാരിക്കും.