തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസുകളുടെ നിറംമാറ്റാന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ.) തീരുമാനിച്ചു. സിറ്റി ബസുകള്‍ക്ക് പച്ചയും നഗരപ്രാന്തപ്രദേശങ്ങളിലേക്കുള്ള മൊഫ്യൂസില്‍ ഓര്‍ഡിനറി ബസുകള്‍ക്ക് നീല നിറവും ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍ക്ക് മെറൂണുമാണ് നിശ്ചയിച്ചിട്ടുള്ളത്. എല്ലാ ബസുകള്‍ക്കും അടിവശത്ത് ഓഫ് വൈറ്റ് നിറത്തിലെ മൂന്ന് വരകള്‍ ഉണ്ടാകും.
ഫെബ്രുവരിയില്‍ നിറംമാറ്റം പ്രാബല്യത്തില്‍ വരും. 2019 ഫെബ്രുവരിയോടെ നിറംമാറ്റം പൂര്‍ത്തിയാകും. പുതുതായി രജിസ്ട്രേഷന് നേടുന്ന ബസുകളും ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്ന ബസുകളും പുതിയ നിറത്തിലേക്ക് മാറ്റണം.
റോഡുകളുടെ അവസ്ഥയ്ക്കനുസരിച്ച് ബസുകളുടെ സമയം പുനഃക്രമീകരിക്കുന്നതു സംബന്ധിച്ച മോട്ടോര്‍വാഹന വകുപ്പ് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടും യോഗം പരിഗണിച്ചു. മത്സരയോട്ടം തടയാന്‍ നിലവിലെ സമയക്രമം മാറ്റാന്‍ യോഗം തീരുമാനിച്ചു. കെ.എസ്.ആര്.ടി.സി. എതിര്‍പ്പ് ഉന്നയിച്ച കാര്യങ്ങളില്‍ അന്തിമതീരുമാനം പുറത്തുവന്നിട്ടില്ല.