തലശ്ശേരി: കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കുട്ടികളെ കൃത്യമായി പുനരധിവസിപ്പിക്കാന്‍ ലോകോത്തര മാതൃകയിലുള്ള പദ്ധതി ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പിണറായി അങ്കണവാടി പരിശീലന കേന്ദ്രത്തിന് സമീപം ബാലഭവൻ്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ ജുവനൈല്‍ ഹോമുകളില്‍ എത്തുന്ന കുട്ടികള്‍ വലിയ കുറ്റവാളികളായി മാറുന്ന നിര്‍ഭാഗ്യകരമായ സ്ഥിതിയാണ് ഇന്നുള്ളത്. ഈ പ്രവര്‍ത്തന രീതി ഉപേക്ഷിക്കണം. എന്നാല്‍ ലോകത്ത് മികച്ച രീതിയില്‍ ജൂവനൈല്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുണ്ട്. പല സാഹചര്യങ്ങള്‍ കാരണം കുറ്റവാളികളായി മാറുന്ന കുട്ടികളെ കൃത്യമായ പുനരധിവാസ നടപടികളിലൂടെ മാറ്റിയെടുക്കുന്ന മികച്ച മാതൃകകളുണ്ട്. ഈ രീതിയില്‍ സംസ്ഥാനത്തെ ജുവനൈല്‍ ഹോമുകളെ മാറ്റേണ്ടതുണ്ട്. അങ്ങനെ യഥാര്‍ഥ പുനരധിവാസം സാധ്യമാക്കണം. ഇതിനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കേരളത്തെ ശിശുസൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ചുരുങ്ങിയ കാലയളവില്‍ തന്നെ ഇക്കാര്യത്തില്‍ ഒട്ടേറെ പദ്ധതികള്‍ മുന്‍ഗണന നല്കി നടപ്പിലാക്കാന്‍ കഴിഞ്ഞു. ബാലവേല തടയല്‍, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സംരക്ഷണം, കുട്ടികള്‍ക്കായുള്ള സേവനങ്ങള്‍ ലഭ്യമാക്കല്‍ എന്നീ ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.