ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച വമ്പന്‍ അഴിമതിയായ 2ജി സ്പെക്ട്രം കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ടു. മുൻ ടെലികോം മന്ത്രിയും ഡി.എം.കെ നേതാവുമായ എ. രാജ, കരുണാനിധിയുടെ മകളും രാജ്യസഭ എം.പിയുമായ കനിമൊഴി, മുൻ ടെലികോം സെക്രട്ടറി സിദ്ധാർഥ ബറുവ, ബോളിവുഡ് നിർമാതാവ് കരീം മൊറാനി, വ്യവസായി ഷാഹിദ് ബൽവ, അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിൻ്റെ മുൻ മാനേജിങ് ഡയറക്ടർ ഗൗതം ഡോഷി തുടങ്ങിയവരെയാണ് വെറുതെ വിട്ടത്.
യു.പി.എ സർക്കാറിൻ്റെ കാലത്തുനടന്ന 2ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ന്യൂഡൽഹിയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഒ.പി. സെയ്നിയാണ് വിധി പറഞ്ഞത്. അഞ്ചു വർഷം നീണ്ട കേസിൻ്റെ വിചാരണ കഴിഞ്ഞ ഏപ്രിലിലാണ് അവസാനിച്ചത്. രണ്ടു കേസുകൾ സി.ബി.ഐ യും ഒരു കേസ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റുമാണ് ഫയൽ ചെയ്തത്. കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച് ആറര വര്‍ഷം പിന്നിട്ടശേഷമാണ് കേസിലെ വിധി വന്നത്.
എ രാജയ്ക്കും കനിമൊഴിക്കും പുറമെ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബെഹുറ ഉള്‍പ്പെടെ 12 വ്യക്തികളും 3 ടെലികോം കമ്പനികളുമാണ് പ്രതിപ്പട്ടികയിലുള്ളത്. സ്വാന് ടെലികോം പ്രൈവറ്റ് ലിമിറ്റഡ്, റിലയന്‍സ് ടെലികോം ലിമിറ്റഡ്, യുണിടെക് വയര്‍ലെസ് ലിമിറ്റഡ് എന്നിവയാണ് മൂന്ന് കമ്പനികള്‍.
കേസില്‍ എ. രാജ ഒരുവര്‍ഷത്തിലേറെയും കനിമൊഴി ആറ് മാസവും നേരത്തെ ജയിലില്‍ കിടന്നിരുന്നു.