കൊല്ലം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ വിരുദ്ധപക്ഷത്തിൻ്റെ പടയൊരുക്കം. വെള്ളാപ്പള്ളിക്കെതിരേ നേരിട്ടുള്ള ‘ആക്രമണ’ത്തിനാണ് വിരുദ്ധപക്ഷം തുടക്കംകുറിച്ചിരിക്കുന്നത്. എസ്.എന്‍. ട്രസ്റ്റില്‍ ഡോണര്‍മാരുടെ സംഭാവന സ്വീകരിക്കുന്നില്ലെന്നും സംഭാവന നല്കാന് അപേക്ഷ നല്‍കണമെന്നുമുള്ള നിബന്ധനയില്‍ പ്രതിഷേധിച്ചു വിരുദ്ധപക്ഷം കഴിഞ്ഞദിവസം കൊല്ലം എസ്.എന്‍. ട്രസ്റ്റ് ഓഫീസ് ഉപരോധിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധിയിലായ എസ്.എന്‍. ട്രസ്റ്റിനെ സഹായിക്കാനായി പണം സംഭാവന ചെയ്യാനെത്തിയവരോടാണ് ട്രസ്റ്റ് ഭരണഘടനാ വിരുദ്ധമായി അപേക്ഷ നല്‍കണമെന്ന വ്യവസ്ഥ മുന്നോട്ടുവച്ചത്. കൊല്ലം ശങ്കേഴ്സ് ആശുപത്രിയുടെ വികസനത്തിന് അഞ്ചു കോടി രൂപ കടംവാങ്ങാന്‍ എസ്.എന്‍. ട്രസ്റ്റ് തീരുമാനിച്ചിരുന്നു. 100 മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള സംഭാവനയനുസരിച്ചു വിവിധ കാറ്റഗറികളില്‍ ഡോണര്മാരാകും. എന്നാല്‍, ട്രസ്റ്റിനെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റാന്‍ 700 പേരെ ഒരു ലക്ഷം രൂപവീതം സംഭാവന നല്കി െലെഫ് മെമ്ബര്മാരാക്കിയെന്ന് ആരോപിച്ചാണു വിരുദ്ധപക്ഷം ഓഫീസ് ഉപരോധിച്ചത്. നേരത്തെ ആരോപണങ്ങള്‍ ഉന്നയിച്ചും പ്രസ്താവനയിറക്കിയും പ്രതിഷേധിച്ചിരുന്നവര്‍ ആദ്യമായാണു വെള്ളാപ്പള്ളിക്കെതിരേ തുറന്ന പോരാട്ടത്തിനു തയാറായത്.