പത്തനംതിട്ട: ശബരിമല അയ്യപ്പ സന്നിധിയിലെത്തുന്ന ഭക്തര്‍ക്കായി വിപുലമായ സേവനങ്ങളാണ് അഖിലഭാരത അയ്യപ്പസേവാ സംഘത്തിൻ്റെ നേതൃത്വത്തില്‍ നല്‍കുന്നത്. നൂറുകണക്കിന് വളണ്ടിയര്മാരുള്ളതില് സാധാരണക്കാര്‍ മുതല്‍ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും വരെയുണ്ട്. ഇതില്‍ ഭൂരിപക്ഷവും ഇതര സംസ്ഥാനക്കാരാണെന്നതാണ് പ്രത്യേകത. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലമത്രയും ഇവര്‍ ഇവിടെയുണ്ടാകും. കുടിവെള്ള വിതരണം മുതല്‍ ജീവന് രക്ഷാ പ്രവര്‍ത്തനത്തില്‍ പോലും അയ്യപ്പസേവാ സംഘത്തിൻ്റെ പ്രവര്‍ത്തകര്‍ വ്യാപൃതരാണ്. സന്നിധാനത്ത് രോഗബാധിതരാവുന്നവരെ സ്ട്രച്ചറില്‍ ആശുപത്രിയിലേക്കും ആവശ്യമെങ്കില്‍ പമ്പയിലേക്കും എത്തിക്കും.
രൂപീകൃതമായതിന് ശേഷം തുടര്‍ച്ചയായ 72-ാമത് വര്‍ഷമാണ് അഖിലഭാരത അയ്യപ്പസേവാ സംഘം ശബരിമല തീര്‍ത്ഥാടകര്‍ക്കായി സേവന സന്നദ്ധരായി രംഗത്തുള്ളത്. വ്യാപകമായ പണപ്പിരിവ് നടത്തുന്നു എന്ന ആക്ഷേപത്തെ തുടര്‍ന്ന് അയ്യപ്പസേവാ സംഘത്തിന് അന്നദാനം നല്‍കാനുള്ള അനുമതി കഴിഞ്ഞ തവണ നല്‍കിയിരുന്നില്ല. എന്നാല്‍ കോടതി അനുമതിയോടെ ഇത്തവണ അന്നദാനം പുനരാരംഭിച്ചിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ സംഘത്തിൻ്റെ കീഴില്‍ 16 എമര്‍ജന്‍സി മെഡിക്കല്‍ സെൻ്ററുകള്‍, ളാഹ മുതല്‍ പമ്പ വരെയുള്ള പാതയില്‍ ഓട്ടൊമൊബൈല്‍ യൂണിറ്റുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
കുടിവെള്ള വിതരണം, പരിസര ശുചീകരണം മുതലായ സേവനങ്ങളുമുണ്ട്.