ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തീയതി പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗം പ്രഖ്യാപിച്ചു. ഡിസംബര്‍ 16നാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഡിസംബര്‍ ഒന്നിന് പുറത്തിറക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ നാല്. അഞ്ചിന് സൂക്ഷ്മ പരിശോധന. ഡിസംബര്‍ 11ന് പത്രിക പിന്‍വലിക്കലും അന്തിമ പട്ടിക പുറത്തിറക്കലും. ഡിസംബര്‍ 19ന് വോട്ടെണ്ണലും ഫലം പ്രഖ്യാപനവും നടക്കും. പ്രവര്‍ത്തക സമിതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് തീയതി പ്രഖ്യാപിച്ചത്.
രാജ്യത്തെ മുഴുവന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളും രാഹുലിന്റെ പേര് നിര്‍ദേശിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് എതിര് സ്ഥാനാര്‍ഥികള്‍ ഉണ്ടാവാന്‍ ഇടയില്ല. അതിനാല്‍ പത്രിക പിന്‍വലിക്കാനുള്ള തീയതിയായ ഡിസംബര്‍ നാലിന് തന്നെ പുതിയ അധ്യക്ഷന്റെ പേര് ഒൗദ്യോഗികമായി പ്രഖ്യേപിച്ചേക്കും. ഡിസംബറില്‍ ചേരുന്ന എ.ഐ.സി.സി സമ്മേളനത്തിലാണ് രാഹുലിനെ പ്രസിഡൻ്റായി വാഴിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കുക.