തൃശൂര്‍: പിണറായി വിജയന് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് കേരള ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും മുഖ്യമന്ത്രിയില്‍ അവിശ്വാസം പ്രകടിപ്പിച്ച മന്ത്രിമാര്‍ രാജിവെച്ച് ഒഴിയണമെന്നും രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.
ദുര്‍ബ്ബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞു. തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മുഖം നഷ്ടപ്പെട്ടു. ക്യാബിനറ്റ് മന്ത്രിമാരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് ജനങ്ങളെ എങ്ങനെ വിശ്വാസത്തിലെടുക്കാന്‍ കഴിയും. ഈ മുന്നണിക്ക് എങ്ങനെ കേരളത്തെ നയിക്കാന്‍ കഴിയും. ചെന്നിത്തല ചോദിച്ചു.
ഇതുപോലൊരു ഭരണ അനിശ്ചിതത്വം ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയെ തോമസ് ചാണ്ടി ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. സിപിഐഎമ്മുമായി തോമസ് ചാണ്ടിക്കുള്ള സാമ്പത്തിക ഇടപാടുകളാണോ അദ്ദേഹത്തെ സംരക്ഷിക്കാന്‍ പിണറായി വിജയനെ പ്രേരിപ്പിക്കുന്നത്. ഇപി ജയരാജന് നല്‍കാത്ത സൗജന്യം എന്തിന് തോമസ് ചാണ്ടിക്ക് നല്കി. ആദ്യം നിരപരാധിത്വം തെളിയിക്കുന്നവര്‍ മന്ത്രിസ്ഥാനം നല്കാന് ഇത് ഓട്ടമത്സരമാണോ. ചെന്നിത്തല ചോദിച്ചു.