കൊല്ലം: കൊല്ലം കാക്കത്തോപ്പ് തീരത്ത് അടിഞ്ഞ ഹന്‍സിക എന്ന മണ്ണുമാന്തിക്കപ്പല്‍ പൊളിച്ചുമാറ്റുന്ന നടപടി അനിശ്ചിതത്വത്തില്‍. കപ്പല്‍ പൊളിച്ചുനീക്കാന്‍ അനുമതി വന്നിട്ടും ജില്ലാ കളക്ടര്‍ അധ്യക്ഷനായ ദുരന്തനിവാരണ അതോറിറ്റിയുടെ മെല്ലെപ്പോക്ക് മൂലം ബുദ്ധിമുട്ടുന്നത് തീരദേശ വാസികളാണ്. 2016 ജൂണിലാണ് ഹന്‍സിക എന്ന മണ്ണുമാന്തിക്കപ്പല്‍ കൊല്ലം കാക്കത്തോപ്പ് തീരത്ത് അടിഞ്ഞത്. കപ്പല്‍ തിട്ടയിലുറച്ചതോടെ പ്രദേശമാകെ കടലാക്രമണം രൂക്ഷമായി. നിരവധി വീടുകള്‍ തകര്‍ന്നു. കൊല്ലം പരവൂര്‍ തീരദേശ റോഡ് കടലാക്രമണ ഭീഷണിയിലാണ്.
നാട്ടുകാരുടെ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് കപ്പല്‍ തീരത്ത് നിന്ന് മാറ്റാനായി നിരവധി ജനകീയ സമരങ്ങള്‍ നടന്നെങ്കിലും തുറമുഖ വകുപ്പും കപ്പലുടമയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അതെല്ലാം നിഷ്ഫലമായി. പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് പുറംകടലിലേക്ക് നീക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. ഇതേ തുടര്‍ന്നാണ് കപ്പല്‍ പൊളിച്ചുമാറ്റാന്‍ നടപടികള്‍ ആരംഭിച്ചത്. പൊളിച്ചുനീക്കല്‍ തടയാന്‍ ശ്രമം നടക്കുമ്പോഴും തങ്ങളുടെ ദുരിതം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യത്തിലാണ് പ്രദേശവാസികള്‍
ജില്ലാ കളക്ടര്‍ അധ്യക്ഷനായ ദുരന്തനിവാരണ സമിതിയുടെ അന്തിമ ശുപാര്‍ശ ലഭിച്ചാല്‍ മാത്രമേ കപ്പല്‍ പൊളിച്ചുനീക്കുന്ന നടപടികള്‍ ആരംഭിക്കാനാകൂ. നടപടി വൈകുന്നതുമൂലം തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്നു എന്ന് ജനങ്ങള്‍ പറയുന്നു.