കോട്ടയം: ഡിസംബറില്‍ ചേരുന്ന സംസ്ഥാന സമ്മേളനത്തില്‍ ചെയര്മാന് സ്ഥാനം ജോസ് കെ.മാണി ഏറ്റെടുക്കും. അതേസമയം സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിൻ്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ഫെബ്രുവരിലാകും ഉണ്ടാവുക.
ഡിസംബര്‍ 14 മുതല്‍ 16 വരെ കോട്ടയത്ത് നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായുള്ള സംഘടനാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് ജോസ് കെ. മാണി നടത്തുന്നത്. ഭാരവാഹിപ്പട്ടികയിലടക്കം വലിയ കുറവ് വരുത്താനുള്ള തീരുമാനത്തിന് ഭരണഘടനാനുമതിയുണ്ടെന്ന വാദമാണ് നേതാക്കള്‍ക്കുള്ളത്. ഭൂരിഭാഗം ജില്ലാക്കമ്മിറ്റികളിലും വിശ്വസ്തരെ തന്നെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നു കഴിഞ്ഞു. കേരളാകോണ്ഗ്രസിൻ്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള സമ്മേളനമാണ് നടക്കാനിരിക്കുന്നതെന്ന് നേതാക്കള്‍ പ്രതികരിച്ചു.
പഴയ പി.ജ ജോസഫ് വിഭാഗത്തിന് പലയിടത്തും പ്രതിനിധ്യം ലഭിച്ചിട്ടില്ല. ഫ്രാന്‍സീസ് ജോര്‍ജ് അടക്കമുള്ള വലിയ നേതൃനിര കൊഴിഞ്ഞു പോയ അവര്‍ക്ക് കൂടുതല്‍ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നതിനും ബുദ്ധിമുട്ടുകളുണ്ട്. രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമ്പോള്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങിയാല്‍ ഭൂരിഭാഗത്തെ കൂടെ നിര്‍ത്തുന്നതിൻ്റെ ഭാഗമായാണ് പുനസംഘടനയിലെ മാറ്റം. സമ്മേളനത്തോടെ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ പുതിയ മുഖമാകും പാര്‍ട്ടിക്കുണ്ടാവുക.