പത്തനംതിട്ട: നദികളും തോടുകളും കുളങ്ങളുമടക്കമുള്ള ജലസ്രോതസ്സുകളിൽ മാലിന്യം തള്ളിയാൽ രണ്ടു വർഷംവരെ തടവുശിക്ഷ ലഭിക്കുന്ന നിയമനിർമാണത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഇത് ഒാർഡിനൻസായി വൈകാതെ ഇറക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ജലസംഭരണികളിലടക്കം ഏതുതരം മാലിന്യവും തള്ളുന്നത് കുറ്റകരമാക്കുന്നതാണ് ഒാർഡിനൻസ്.
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നിയമം നടപ്പാക്കും. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സംവിധാനം ഏർപ്പെടുത്തും. പമ്പ, ഭാരതപ്പുഴ, പെരിയാർ എന്നിവയെ സംരക്ഷിക്കാനുള്ള പദ്ധതി വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇതിനുള്ള പണം കേന്ദ്രസർക്കാറിൽനിന്ന് സഹായം ലഭിക്കുമോയെന്ന് പരിശോധിക്കും.
കേന്ദ്ര സർക്കാർ ഭൂഗർഭ ജലനിയമത്തിൽ ചില ഭേദഗതികൾ നിർദേശിച്ച് സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ഗ്രൗണ്ട് വാട്ടർ അതോറിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്തുവെന്നും ഉപസമിതിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.