കൊച്ചി: അമേരിക്കയിൽനിന്ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ കൊച്ചിയിലെത്തിയ ദമ്പതികളുടെ ബാഗുകളിലെ വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചു. മൊബൈൽ ഫോണുകളും ക്യാമറയുമടക്കം ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്. ഫ്ളാറ്റിലെത്തി ബാഗുകൾ തുറുന്നു നോക്കിയപ്പോഴാണ് വിദേശത്തുനിന്ന് കൊണ്ടുവന്ന ഇലക്ട്രോണിക് ഉപകരണങ്ങളടക്കം നഷ്ടമായെന്ന് മനസിലായത്.
ഇന്ന് പുലർച്ചെ രണ്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ മുണ്ടക്കയം സ്വദേശികളായ ദമ്പതികളുടെ ബാഗുകളിൽ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയത്. അമേരിക്കയിൽ ബിസിനസ് നടത്തുന്ന ചാക്കോ കുര്യൻ്റെയും ഭാര്യ ഏലിക്കുട്ടിയുടെയും നാലു ബാഗുകളിൽ നിന്നായി മൊബൈൽ ഫോണുകളും ക്യാമറയും നഷ്ടപ്പെട്ടു. ബാഗുകൾ ഫ്ളാറ്റിലെത്തി തുറന്നപ്പോഴാണ് ഇതിൽ വസ്ത്രങ്ങൾ മാത്രമേയുള്ളൂവെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ ഇവർ ടെർമിനൽ മാനേജർക്കും പൊലീസിനും പരാതി നൽകി. ബാഗേജുകൾ താഴിട്ട് പൂട്ടരുതെന്ന് ഖത്തർ എയർവേയസിൻ്റെ നിർദേശമുണ്ടായിരുന്നു. ഇവ നെടുമ്പാശേരിയിൽ പരിശോധന കഴിഞ്ഞ് തിരികെ ലഭിക്കുന്നതിന് പതിവിലും കൂടുതൽ സമയമെടുത്തതായി ഇവർ പറയുന്നു. ബാഗേജ് കൈപ്പറ്റിയപ്പോൾ ഒരു ജീവനക്കാരി സൂക്ഷ്മമായി നിരീക്ഷിച്ചതായും ഇവർ ആരോപിച്ചു.
വിമാനത്താവളത്തിലെത്തി ഖത്തർ എയർവേയ്സിനോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വിമാനത്താവളത്തിൽ വച്ചു തന്നെ ബാഗേജ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതായിരുന്നു വെന്നാണ് ഖത്തർ എയർവേയ്സിൻ്റെ നിലപാട്. 13 ബോട്ടിൽ പെർഫ്യൂം, അഞ്ച് വാച്ചുകൾ, ലൈറ്റുകൾ, പ്രമേഹം പരിശോധിക്കുന്ന കിറ്റ്, ലേഡീസ് ബാഗുകൾ എന്നിവയുണ്ടായിരുന്നു.