കോഴിക്കോട്: ഗുളികകള്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നത് വ്യാപകമായതിനെ തുടര്‍ന്ന് മയക്കുമരുന്നിൻ്റെ അംശമുള്ള മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി വിതരണം ചെയ്യുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. മാനസിക രോഗങ്ങള്‍ക്ക് അടക്കമുള്ള ഗുളികകള്‍ മയക്കുമരുന്നിൻ്റെ അംശമുള്ളവയാണ്. ഇത്തരം മരുന്നുകള്‍ വാങ്ങണമെങ്കില്‍ ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമാണ്. എന്നാല്‍ ഒരേ കുറിപ്പ് ഉപയോഗിച്ച് പല മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഇത്തരം മരുന്നുകള്‍ വാങ്ങുകയും മയക്കുമരുന്നായി ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വിഭാഗം പുതി യ നടപടി സ്വീകരിച്ചത്. ഇനി മുതല്‍ ഇത്തരം മരുന്നുകളുടെ കുറിപ്പടികള്‍ പിങ്ക് നിറത്തിലുള്ള കടലാസിലായിരിക്കും ഡോക്ടര്‍മാര്‍ എഴുതി നല്‍കുക. മയക്കുമരുന്ന് അംശമുള്ള മരുന്നുകള്‍ എല്ലാ മെഡിക്കല്‍ ഷോപ്പിലും വില്ക്കാന് അനുവദിക്കില്ല. ഓരോ പ്രദേശത്തും തെരഞ്ഞെടുത്ത മെഡിക്കല്‍ ഷോപ്പുകളില്‍ മാത്രമായിരിക്കും ഇത്തരം മരുന്നുകള്‍ ലഭിക്കുക. കോഴിക്കോട് ബീച്ച് ആശുപത്രിയിലും പരിസരങ്ങളിലും ഈ സംവിധാനം ഈ മാസം തന്നെ തുടങ്ങും. പിന്നീ ട് സംസ്ഥാനമൊട്ടാകെ ഇത് വ്യാപിപ്പിക്കാനാണ് പദ്ധതി. ഇതോടൊപ്പം മെഡിക്കല്‍ ഷോപ്പുകളില്‍ കര്‍ശന പരിശോധനകള്‍ നടത്താനാണ് സംസ്ഥാന ഡ്രഗ്സ് കണ് ട്രോള്‍ വിഭാഗത്തിന്റെ തീരുമാനം.