അഞ്ചൽ: മദ്യലഹരിയിൽ പൊലീസ് വാഹനത്തിൽ കറങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും പൊലീസ് പിടികൂടി. വൈദ്യ പരിശോധന നടത്തി ഡ്രൈവറുടെ പേരിൽ കേസെടുത്തു. ക്രൈംബ്രാഞ്ച് ഐജി ഇ.ജെ.ജയരാജൻ, പൊലീസ് ഡ്രൈവർ സന്തോഷ് എന്നിവരാണ് ഇന്നലെ വൈകിട്ട് അഞ്ചൽ പൊലീസ് സ്റ്റേഷനു സമീപത്തു പിടിയിലായത്. ഉന്നതതല അന്വേഷണം ആരംഭിച്ചു. പൊലീസ് വാഹനം നിയന്ത്രണമില്ലാതെ പായുന്നതായുള്ള വിവരം അഞ്ചൽ സ്റ്റേഷനിൽ ലഭിച്ചതിനെ തുടർന്നാണു പൊലീസ് പരിശോധന നടത്തിയത്.
സ്റ്റേഷനു സമീപത്തെ റോഡിൽവച്ചു പിടികൂടുമ്പോൾ വാഹനത്തിൽനിന്ന് ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു രണ്ടുപേരും. വിവരം ഉടൻതന്നെ ഡിജിപിയെ അറിയിച്ചു. അദ്ദേഹത്തിൻ്റെ നിർദേശ പ്രകാരമാണു വൈദ്യപരിശോധന നടത്തിയത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിൽ രണ്ടുപേരും അമിതമായി മദ്യപിച്ചതായി വ്യക്തമായി.
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനും കൃത്യ നിർവഹണത്തിനിടെ മദ്യപിച്ചതിനും അച്ചടക്ക നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.