റിച്ചാര്ഡ്സണ് : ഒക്ടോബര്‍ 7ന് കാണാതായ അമേരിക്കന്‍ മലയാളി പെണ്‍കുട്ടി ഷെറിന് മാത്യുസിന്റെ മൃതദേഹം കണ്ടെത്തിയതായി സൂചന. ഞായറാഴ്ച രാവിലെ വെസ്ലിയുടെ വീട്ടില്‍ നിന്ന് ഏകദേശം ഒന്നര മൈല്‍ അകലെ റെയില്‍വേ ട്രാക്കിനടുത്ത് ഒരു പൈപ്പിനകത്തു നിന്ന് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി ഇത് കാണാതായ ഷെറിന്റേതാകുമെന്ന് പോലീസ് വിശ്വസിക്കുന്നത്, എന്നാല്‍ ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ഷെറിന്റേതു തന്നെയാണോ എന്ന് സ്ഥിരീകരിക്കണമെങ്കില്‍ എഫ്.ബി.ഐയുടെ അന്തിമ തിരിച്ചറിയലിനായി കാത്തിരിക്കണമെന്ന് പോലീസ് പറഞ്ഞു. രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് കുട്ടിയുടെ മൃതദേഹം പൈപ്പിനകത്ത് കിടക്കുന്നത് കണ്ടത്. അവരാണ് പോലീസിനെ വിവരമറിയിച്ചത്. കുട്ടിയുടെ മരണത്തെപ്പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.