കൊട്ടാരക്കര : കുറഞ്ഞ ചെലവില്‍ മതിലിനുള്ളിലും മഴവെള്ള സംഭരണി വളരും. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്റെ പുറംമതിലിനുള്ളില് ഇത്തരത്തില്‍ മൂന്നര ലക്ഷം ലീറ്റര്‍ ശേഷിയുള്ള കൂറ്റന്‍ മഴവെള്ള സംഭരണി ഒരുങ്ങുന്നു. പ്രവേശന കവാടത്തിന്റെ വശങ്ങളിലായി മതില് കെട്ടാനായിരുന്നു പദ്ധതി. ഭിത്തിയില്‍ നിന്ന് അഞ്ചടി ഇടവിട്ട് മറ്റൊരു ഭിത്തി കൂടി നിര്‍മിച്ചതോടെ മഴവെള്ള സംഭരണിക്കു വഴിയൊരുങ്ങി. സംസ്ഥാനത്ത് ആദ്യത്തെ മതില് മഴവെള്ള സംഭരണിയായി മാറുകയാണിവിടം.
രണ്ട് കാലവര്‍ഷങ്ങളിലെ ജലം സംഭരിച്ച് ഉപയോഗിച്ചാല്‍ മിനി സിവില്‍ സ്റ്റേഷന്റെ പ്രവര്‍ത്തനത്തിനുള്ള മുഴുവന്‍ ജലവും സംഭരണിയില്‍നിന്നു ലഭിക്കും. ഈ ലക്ഷ്യം യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ റോള്‍ മോഡല്‍ പദ്ധതിയായി ഇത് മാറും. ആശയം പിറന്നത് താലൂക്കില്‍ വാടകക്കെട്ടിടങ്ങളില്‍ ചിതറിക്കിടക്കുന്ന സര്‍ക്കാര്‍ ഓഫിസുകളെ ഒരു കൂരയ്ക്കുള്ളിലാക്കി പി.അയിഷ പോറ്റി എംഎല്‍എയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷന് പദ്ധതി ലക്ഷ്യമിട്ടത്. 10.38 കോടി ചെലവില്‍ 33 ഓഫിസുകളാണു മിനി സിവില്‍ സ്റ്റേഷനിലെത്തുന്നത്.