പത്തനംതിട്ട: വിവാഹത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍നിന്നു കേരളത്തിലേക്ക് വരികയായിരുന്ന വാന്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര് മരിച്ചു. ട്രിച്ചിയിൽ വെച്ചായിരുന്നു അപകടമുണ്ടായത്.
പത്തനംതിട്ട കോട്ടാങ്ങല്‍ വട്ടപ്പാറ പുളിച്ചുമാക്കല്‍ ഏലിയാമ്മയുടെ മക്കളായ പ്രകാശ് (37), സഹോദരന് പ്രദീപ് (33), പ്രകാശിന്റെ ഭാര്യ മല്ലപ്പള്ളി മാരിക്കല്‍ വീട്ടില്‍ പ്രിയ (34) എന്നിവരും ഇവരോടപ്പമുണ്ടായിരുന്ന കൊച്ചി സ്വദേശിയുമാണ് മരിച്ച മലയാളികള്‍.
മൂന്ന് ട്രിച്ചി സ്വദേശികളും അപകടത്തില്‍ മരിച്ചു. പ്രിയയുടെ സഹോദരി പ്രിന്‍സി (28)ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ട്രിച്ചി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച്ച പുലര്‍ച്ചെ 2.30നായിരുന്നു അപകടം. കുളത്തൂര്‍ താഴത്ത് വടകരയിലുള്ള പ്രകാശിൻ്റെ ബന്ധുവിൻ്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. മരിച്ച മറ്റുള്ളവര്‍ പ്രകാശിൻ്റെ സുഹൃത്തുക്കള്‍ ആണ്.
പ്രകാശ് സ്റ്റുഡിയോയിലും ഭാര്യ പ്രിയ ലാബ് ടെക്നീഷ്യനായും വര്‍ഷങ്ങളായി ചെന്നൈയില്‍ ജോലി ചെയ്യുന്നു. മല്ലപ്പള്ളി മാരിക്കല്‍ ജോസ് കുഞ്ഞുഞ്ഞമ്മ ദമ്പതികളുടെ മകളാണ് പ്രിയ. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടില്‍ കൊണ്ടുവരും. സംസ്കാരം പിന്നീട്.