കൊട്ടാരക്കര : കൊട്ടാരക്കര ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ആശ്വാസമേകാൻ നാല് ഡോക്ടർമാരുടെ തസ്തിക കൂടിയെത്തുന്നു. ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ 21 ഡോക്ടർമാരാണ് ഉള്ളത്. ആർദ്രം പദ്ധതി പ്രകാരമാണ് രണ്ട് ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരെയും ജൂനിയർ പീഡിയാട്രിഷ്യൻ്റെയും ഫിസിയോ ജൂനിയർ ഡോക്ടറുടെയും തസ്തികകളാണ് പുതുതായി അനുവദിച്ചത്. എം.എൽ.എ പി.അയിഷാ പോറ്റിയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ ആർദ്രയിൽ ഉൾപ്പെടുത്തിയത്. ഇതോടെ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ എണ്ണം 25 ആകും.
ട്രോമാകെയർ യൂണിറ്റിലേക്കുള്ള ഡോക്ടർമാർക്കുള്ള അനുമതി കൂടി താലൂക്ക് ആശുപത്രിക്ക് ലഭിക്കുകയാണെങ്കിൽ താലൂക്ക് ആശുപത്രി ജൂനിയർ മെഡിക്കൽ കോളേജ് ആശുപത്രിയായി മാറുമെന്നാണ് പ്രതീക്ഷ.
ഇപ്പോൾ 213 ബെഡുകളോട് കൂടിയ കിടത്തി ചികിത്സാ സംവിധനം താലൂക്ക് ആശുപത്രിയ്ക്കുണ്ട്. ശരാശരി 1500 മുതൽ 1900 രോഗികൾ വരെ ചികിത്സതേടി താലൂക്ക് ആശുപത്രിയിൽ എത്തുന്നു. ഒപ്പം പത്ത് കിടക്കളോട് കൂടിയ ഡയലിസിസ് യൂണിറ്റും, സിറ്റി സ്കാനും, 6 മാസമായി ചില സാങ്കേതിക കാരണങ്ങളാൽ മുടങ്ങി കിടക്കുന്ന ഡിജിറ്റൽ എക്സ്റേ എന്നിവയ്ക്കും അനുമതി ലഭിച്ചു.