കൊട്ടാരക്കര : വളരെയേറെ ജനശ്രദ്ധ നേടിയ കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ ഉപവാസ സമരസ്ഥലത്ത് ബി.ജെ.പിക്കാർ ചാണക വെള്ളം തളിച്ചതിൽ കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജാതി വിവേചനവും ഉച്ചനീചത്വവും ബി.ജെ.പിയിൽ ഇപ്പോഴും നിലനിൽക്കുന്നതിൻ്റെ തെളിവാണ് പട്ടിക ജാതിവിഭാഗത്തിൽ ജനിച്ച് പാർലമെൻ്റ് അംഗമായ കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ സമരസ്ഥലത്ത് ചണക വെള്ളം തളിച്ചത്. പട്ടിക ജാതിക്കാരനായ കൊടിക്കുന്നിൽ സുരേഷ് എംപി 24 മണിക്കൂർ ഉപവസിച്ച സ്ഥലം അശുദ്ധമായെന്ന് കണ്ടാണ് ബി.ജെ.പി ചാണക വെള്ളം തളിച്ചത്. ഇപ്പോളും ബി.ജെ.പിയിൽ ചാതുർവർണ്ണം നിലനിൽക്കുന്നതിൻ്റെ തെളിവാണിതെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരകണക്കിന് ആളുകൾ അഭിവാദ്യമർപ്പിക്കാൻ എത്തുകയും റെയിൽവേ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടിയും നടത്തിയ ജനകീയ സമരത്തിന് കിട്ടിയ പിന്തുണയിൽ വിളറി പൂണ്ട ബിജെപി നേതൃത്വം ഈ ചാണകം തളിക്കൽ നടപടിയിൽ പരസ്യമായി മാപ്പ് പറയണം. ബിജെപിക്കാർ രാജ്യത്തെ ദളിതരേയും പിന്നോക്കക്കാരേയും കൊല്ലുകയും ആക്രമിക്കുകയും ചെയ്ത് വരുന്നത് വലിയ വാർത്തയായ അവസരത്തിലാണ് കേരത്തിൽ പട്ടിക ജാതിക്കാരനായ കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ സത്യാഗ്രഹ സ്ഥലം അശുദ്ധമാണെന്ന് വരുത്തി ചാണകവെള്ളം തളിച്ചത്. ഇതിലൂടെ ബിജെപിയുടെ ദളിത് വിരുദ്ധ സമീപനമാണ് പുറത്തു വരുന്നത്.
ബിജെപിക്കാർ ചാണക വെള്ളം തളിക്കേണ്ടത് കൊടിക്കുന്നിൽ സുരേഷ് എംപി സത്യാഗ്രഹ സമരം നടത്തിയ സ്ഥലത്തല്ല മറിച്ച് യാത്രയുമായി കടന്നുവരുന്ന കുമ്മനം രാജശേഖരൻ പ്രസംഗവേദിയിലാണ്. തൻ്റെ പാർലമെൻ്റ് മണ്ഡലത്തിൻ്റെ വികസന പ്രവർത്തനങ്ങൾ യഥാസമയം നടത്താനാണ് ജനങ്ങൾ കൊടിക്കുന്നിൽ സുരേഷിനെ വിജയിപ്പിച്ച് എം.പിയാക്കിയത്. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്ന പണികളാണ് ബി.ജെ.പി സ്വീകരിച്ച് വരുന്നത്.
എന്നും കേന്ദ്രത്തിൽ നരേന്ദ്രമോദി പ്രധാന മന്ത്രിയായിരിക്കില്ലെന്നും ബി.ജെ.പി ഓർക്കുന്നത് നല്ലാതാണ്.ജനാധിപത്യ സംവിധാനത്തിൽ ജയവും തോൽവിയും സ്വാഭാവികമാണ്. ആജിവനാന്തം മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആണെന്ന അഹങ്കാരത്തിലാണ് ബി.ജെ.പി പ്രവർത്തകർ പ്രവർത്തിച്ചു വരുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപി നടത്തുന്ന വികസന പ്രവർത്തനങ്ങൾ കണ്ട് ബിജെപിക്കാർ നടത്തുന്ന അസഹിഷ്ണുത വെടിയണം. രാജ്യത്ത് അച്ചാ ദിൻ അമിത്ഷായുടെ മകനാണെന്ന് തെളിഞ്ഞു. അമിത്ഷായുടെ മകൻ ജയ്ഷാ നടത്തിയ അഴിമതി മറച്ചു പിടിക്കാനാണ് ബി.ജെ.പി നടത്തുന്ന സമരങ്ങളെന്നും കോൺഗ്രസ്സ് നേതാക്കൾ ആവശ്യപ്പെട്ടു. ചാണക വെള്ളം തളിച്ച നടപടിയിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കുമ്മനം രാജശേഖരൻ മാപ്പ് പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പട്ടികജാതിക്കാരനായ കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ സത്യാഗ്രഹ സ്ഥലത്ത് ചാണക വെള്ളം തളിച്ച ബിജെപി നടപടി പട്ടിക ജാതി പീഢനത്തിൻ്റെ പരിധിയിൽ വരുന്നതാണെന്നും പട്ടിക ജാതി നിരോധന നിയമ പ്രകാരം കുറ്റക്കാർക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്യണമെന്നും കോൺഗ്രസ്സ് നേതാക്കൾ ആവശ്യപ്പെട്ടു.