കുറ്റിപ്പുറം: ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെ കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ വെച്ച് വേങ്ങര സ്വദേശികളായ രണ്ട് പേരില്‍ നിന്ന് 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി.
വേങ്ങരയിലേക്ക് കൊണ്ടു വരികയായിരുന്ന പണമാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. പണം കൈവശം വെച്ച വേങ്ങര സ്വദേശികളായ അബ്ദുറഹിമാന് സിദ്ദിഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കാര്‍ മാര്‍ഗ്ഗം പണം വേങ്ങരയിലെത്തിക്കാനാണ് പ്രതികള്‍ ലക്ഷ്യം വെച്ചിരുന്നത്. കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ വെച്ച് പോലീസ് പണം പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് 79.46 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിലാണ് ഇത്രയും തുക പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസവും 9ലക്ഷം രൂപ പോലീസ് പിടികൂടിയിരുന്നു. തുടര്‍ പരിശോധനകളുണ്ടാവുമെന്ന് പോലീസ് അറിയിച്ചു.