കോഴിക്കോട്: മൂന്നുദിവസങ്ങള്‍ക്കുള്ളില്‍ ഇരുപത് ഹോട്ടലുകളില്‍നിന്നുള്ള ഇരുനൂറോളം പേര് മടങ്ങിയതായി കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് ജില്ലാകമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ബീച്ചിനടുത്ത് അടുത്തകാലത്തായി തുടങ്ങിയ ഒരു ഹോട്ടലില്‍ രണ്ടുദിവസം മുമ്പ് തൊഴിലാളി ആത്മഹത്യചെയ്തിരുന്നു. ഇതിനുശേഷമാണ് പ്രചാരണം തുടങ്ങിയത്. ഹോട്ടലില്‍ തൊഴിലാളി ആത്മഹത്യചെയ്തെന്ന പേരില്‍, ഫോട്ടോ സഹിതമുള്ള വ്യാജ വാട്സാപ്പ് സന്ദേശമാണ് ആദ്യം പ്രചരിച്ചത്. പിന്നീട്, കേരളത്തിനുപുറത്ത് നടന്ന കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും ചിത്രങ്ങള്‍ സഹിതം പലതരം സന്ദേശങ്ങള്‍ പ്രചരിച്ചു. പശ്ചിമബംഗാള്‍, ഉത്തര്‍ പ്രദേശ്, അസം തുടങ്ങി കേരളത്തിലേക്ക് കൂടുതലായി തൊഴിലാളികള്വരുന്ന സംസ്ഥാനങ്ങളിലാണ് വ്യാജ സന്ദേശങ്ങള്‍ കാര്യമായി പ്രചരിക്കുന്നത്. മലയാളികള്‍ തൊഴിലാളികളെ മര്‍ദിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ എത്രയും വേഗം തിരികെവരണമെന്നും പറയുന്നവയാണിവ. ഇതുകണ്ട് പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ തൊഴിലാളികളെ തിരികെ വിളിക്കുകയാണ് ചെയ്യുന്നത്. ശനിയാഴ്ച രാത്രി വലിയൊരു സംഘം തൊഴിലാളികള്‍ കോഴിക്കോട്ടുനിന്ന് ട്രെയിന്‍ കയറിയതായി അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. തൊഴിലാളികള്‍ ഇല്ലാത്തതുകാരണം പല ഹോട്ടലുകളും തുറക്കാനാകാത്ത അവസ്ഥയുണ്ട്. രാമനാട്ടുകരയിലെ ഒരു ഹോട്ടല്‍ കഴിഞ്ഞദിവസം തുറന്നില്ല. ജില്ലയിലെ 75 ശതമാനം ഹോട്ടലുകളിലെയും തൊഴിലാളികള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇക്കാര്യത്തില്‍ അതത് പ്രദേശങ്ങളിലെ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും അസോസിയേഷന് സെക്രട്ടറി എന്‍.സുഗുണന്, സി.ഷമീര്‍ എന്നിവര്‍ പറഞ്ഞു.
വ്യാജപ്രചാരണം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും എന്നാല്‍, നിര്‍മാണമേഖലയില്‍ ഈയൊരു കാരണത്താല്‍ തൊഴിലാളികള്‍ ആരുംതന്നെ തിരികെപ്പോയിട്ടില്ലെന്നും സി.ഐ.ടി.യു. ജില്ലാസെക്രട്ടറി പി.കെ.മുകുന്ദന് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള കുറ്റിക്കാട്ടൂര്‍, പൂവാട്ടുപറമ്പ് മേഖലയില്‍നിന്ന് ഈയൊരു കാരണത്താല്‍ ആരും തിരികെപ്പോയിട്ടില്ലെന്ന് ഹോട്ടലുടമയായ ബി.കെ.കുഞ്ഞഹമ്മദ് പറഞ്ഞു. സാമ്പത്തികമാന്ദ്യത്തെത്തുടര്ന്നും ജി.എസ്.ടി.മൂലം നിര്‍മാണപ്രവര്‍ത്തനം നടക്കാത്തതും കാരണം ധാരാളം തൊഴിലാളികള്‍ തിരികെപ്പോകുന്നുണ്ട്. ഇത് നേരത്തേത്തന്നെയുള്ള ഒരു വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.