ന്യൂഡൽഹി: നോട്ട് നിരോധനത്തിന് പിന്നാലെ കടലാസ് കമ്പനികൾ വിവിധ അക്കൗണ്ടുകളിൽ 4,573.87 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി ഒൗദ്യോഗികരേഖകൾ. നോട്ട് അസാധുവാക്കിയതിന് പിന്നാലെ 5800 കമ്പനികൾ ഇത്തരത്തിൽ വൻ തുക നിക്ഷേപം നടത്തിയതായി സർക്കാർ വ്യക്തമാക്കുന്നു.
നോട്ട് നിരോധനത്തിന് മുമ്പ് വ്യാജകമ്പനികൾക്കെല്ലാം ചേർന്ന് 22.05 കോടി മാത്രമാണ് ബാങ്കുകളിൽ നിക്ഷേപമുണ്ടായിരുന്നത്. എന്നാൽ, നവംബർ ഒമ്പത് മുതൽ ഇൗ വർഷം കമ്പനികളുടെ ലൈസൻസ് റദ്ദാക്കുന്നത് വരെയുള്ള കാലയളവിൽ 4,573.87 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും 4552 കോടി രൂപ പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
രജിസ്ട്രാർ ഒാഫ് കമ്പനീസ് (ആർ.ഒ.സി) അനധികൃതമെന്ന് കണ്ടെത്തിയ കമ്പനികൾ 13 ബാങ്കുകളിലായി 13,140 അക്കൗണ്ടുകളിലാണ് പണം നിക്ഷേപിച്ചത്. 2134 അക്കൗണ്ടുകളുള്ള ഒരു കമ്പനിയടക്കം, നൂറിലേറെ അക്കൗണ്ടുകളുള്ള ഏതാനും കമ്പനികളും ഇവയിൽ ഉൾപ്പെടും.