ബംഗളുരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന് ഓസീസിനെതിരായ നാലാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം ഒരു റെക്കോര്‍ഡാണ്. ഇതുവരെ ഇന്ത്യയ്ക്ക് കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു നേട്ടം. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി പത്ത് വിജയങ്ങള്‍. ഇന്ത്യ ഒഴികെ മറ്റെല്ലാ പ്രമുഖ ഏകദിന ടീമുകളും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കൊപ്പമുള്ളത് സിംബാബ്വെയും ബംഗ്ലാദേശും മാത്രം. ഈ നാണക്കേട് മറികടക്കുകയാണ് കോഹ്ലിയുടെയും സംഘത്തിൻ്റെയും ലക്ഷ്യം.
ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ സമ്പൂര്‍ണ വിജയം എന്ന ലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഒപ്പം ഏകദിനത്തിലെ വിജയപരമ്പര തുടരുക എന്നതും. വിന്‍ഡീസ് പര്യടനത്തിലെ അവസാന മത്സരം ജയിച്ച ഇന്ത്യ പിന്നീട് ലങ്കന്‍ പര്യടനത്തില്‍ അഞ്ച് ഏകദിനങ്ങളും ജയിച്ചു. തുടര്‍ന്ന് ഓസീസിനെതിരായ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയം ആവര്‍ത്തിച്ചു. നിലവില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ഏകദിന വിജയങ്ങള്‍ നേടിയതിൻ്റെ ഇന്ത്യന്‍ റെക്കോര്‍ഡ് എംഎസ് ധോണിയുടെ പേരിലാണ്. 2008-09 കാലഘത്തിലായിരുന്നു ധോണിയുടെ നേട്ടം.
ഇന്ത്യ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യത കുറവാണ്. ഓസീസ് ടീമില്‍ ആഷ്ടണ്‍ ആഗര്‍ ഇനിയുള്ള മത്സരങ്ങളില്‍ ഉണ്ടാകില്ല. മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരുക്കേറ്റതാണ് ആഗറിന് തിരിച്ചടിയായത്.