ബെയ്ജിങ്∙ അമേരിക്കയിലെ സിയാറ്റിൽ കോളജിൽ പ്രവേശനം കിട്ടിയാൽ ചൈനയിലെ നാൻജിങ്ങിൽനിന്നു കാറിൽ കൊണ്ടാക്കാമെന്നു മകൾ ഷിനിയിക്കു നൽകിയ വാഗ്ദാനമാണു ഹ്വാങ് ഹായ്താവോ എന്ന വാൽസല്യനിധിയായ പിതാവു നിറവേറ്റിയത്. 108 ദിവസത്തെ ‘ഭൂഖണ്ഡാന്തര’ കാർ യാത്ര. 26 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ. നാടുവിട്ടശേഷം ആദ്യം നിർത്തിയതു റഷ്യയിൽ. പിന്നെ, തുർക്കി, മാസിഡോണിയ, സ്ലൊവേനിയ, സ്വിറ്റ്സ്വർലൻഡ് വഴി ബ്രിട്ടനിലെ സതാപ്റ്റണിൽ. തുടർന്ന് അറ്റ്ലാന്റിക് കടക്കാൻ മാത്രം വിമാനത്തിൽ. കാർ കപ്പലിൽ അയച്ചു. അമേരിക്കയിൽ ഷിക്കാഗോയിൽ വിമാനമിറങ്ങി. കാറുമെടുത്തു വീണ്ടും റോഡിലേക്ക്.
റൂട്ട് 66 എന്ന ചരിത്രപ്രസിദ്ധമായ വഴിയിലൂടെ ലൊസാഞ്ചലസിലെത്തി വടക്കോട്ടു വച്ചു പിടിച്ചു– സിയാറ്റിൽ. യൂണിവേഴ്സിറ്റി ക്യാംപസിൽ എത്തിയത് സെപ്റ്റംബർ 11ന്. അസാധാരണ യാത്ര ചെയ്തെത്തിയ നവാഗത വിദ്യാർഥിയെ സ്വീകരിക്കാൻ കോളജുകാർ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കാനൊരുങ്ങിയെങ്കിലും പിതാവും പുത്രിയും സ്നേഹപൂർവം പറഞ്ഞൊഴിഞ്ഞു. ജീവിതത്തിൽ പുതിയൊരു അധ്യായം തുറക്കുന്ന മകളുമൊത്ത് ഇങ്ങനെ ഇനി സമയം കിട്ടില്ലല്ലോയെന്നു ഹായ്താവോ പറയുന്നു.