ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ മെട്രോട്രെയിനില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ്(ഐഎസ്) ഏറ്റെടുത്തു. തങ്ങളുടെ വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത കാര്യം ഐഎസ് അറിയിച്ചത്.
ആക്രമണത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ പാര്സന്സ് ഗ്രീന്ട്യൂബ് സ്റ്റേഷനില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 8.20നാണ് സ്ഫോടനമുണ്ടായത്. ബാഗില്‍ സൂക്ഷിച്ച ബക്കറ്റില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടെ നിന്നു കണ്ടെത്തിയ മറ്റൊരു സ്ഫോടക വസ്തു നിര്‍വീര്യമാക്കുകയും ചെയ്തെന്ന് ലണ്ടന്‍ പോലീസ് പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്നുള്ള അഗ്നിബാധയില്‍ ഏറെപ്പേര്‍ക്കും മുഖത്താണ് പൊള്ളലേറ്റത്.
ആറു മാസത്തിനിടെ ബ്രിട്ടനിലുണ്ടാവുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യത്തേതും. മറ്റു നാല് ആക്രമണങ്ങളിലായി 36 പേര് മരിച്ചിരുന്നു. മൂന്നിടത്ത് ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്.