വാഷിങ്ടണ്: ഭീകരാക്രമണങ്ങൾ തടയാൻ ഇൻ്റർനെറ്റ് വിച്ഛേദിക്കുകയാണു വേണ്ടതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ലണ്ടനിലെ പാർസൻസ് ഗ്രീൻ സബ്വേയിലുണ്ടായ സ്ഫോടനത്തെ അപലപിച്ചുള്ള ട്വീറ്റുകളിലാണ് ട്രംപിൻ്റെ പരാമർശം. അമേരിക്കയിലേക്കുള്ള യാത്രാനിരോധനപരിധിയിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ എണ്ണം കൂട്ടുന്നതിനെപ്പറ്റിയും ട്വീറ്റുകളിൽ സൂചനയുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ഭീകരപ്രവർത്തനങ്ങളെ തടയുന്ന കാര്യത്തിൽ ഒബാമ ഭരണകൂടത്തേക്കാളും മികച്ച പ്രകടനം ഇതിനോടകം താൻ നടത്തിയെന്നും ട്രംപ് അവകാശപ്പെടുന്നു.
ചൈനയ്ക്കു സമാനമായി ഇൻ്റർനെറ്റിന് സെൻസർഷിപ് ഏർപ്പെടുത്താനാണോ ട്രംപിൻ്റെ ശ്രമം എന്ന രീതിയിൽ ചർച്ചകൾക്കും ട്വീറ്റുകൾ വഴിവച്ചിട്ടുണ്ട്. ഗൂഗിളിന് ഉൾപ്പെടെ ചൈനയിൽ വിലക്കുണ്ട്. ഭീകരന്മാരെ റിക്രൂട്ട് ചെയ്യുന്ന‘ഉപകരണം’ എന്നാണ് ഇൻ്റർനെറ്റിനെ ട്വീറ്റിൽ ട്രംപ് വിശേഷിപ്പിച്ചത്. ‘പരാജിതരായ’ ഭീകരർക്കു നേരെ കൂടുതൽ കർശനമായ സമീപനങ്ങളാണു വേണ്ടത്. അവരുടെ റിക്രൂട്ടിങ് ‘ടൂൾ’ ആയിരിക്കെ ഇൻ്റർനെറ്റിനെ വിച്ഛേദിക്കുകയും കൃത്യമായി വിനിയോഗിക്കുകയുമാണ് വേണ്ടത്. ഇനിയും ഭീകരാക്രമണങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ ഇത് അത്യാവശ്യമാണ്’ -ട്രംപ് കുറിച്ചു.
സ്കോട്ലൻഡ് യാർഡിൻ്റെ നിരീക്ഷണത്തിനു കീഴിലുള്ളവരാണ് ലണ്ടനിലെ സ്ഫോടനത്തിനു പിന്നിലെന്നും ട്രംപ് പറയുന്നു. എന്നാൽ സ്കോട്ലൻഡ് യാർഡ് ഇതു സംബന്ധിച്ച വിശദീകരണം നൽകിയിട്ടില്ല. യുഎസിലേക്കുള്ള യാത്രാവിലക്കിൻ്റെ പരിധി കൂട്ടുമെന്നും ട്രംപ് ട്വീറ്റിലൂടെ സൂചന നൽകി. യാത്രാനിരോധനം കൂടുതൽ വ്യാപിപ്പിക്കും, കർശനമാക്കും. പക്ഷേ ഇത്തരം നീക്കങ്ങൾ രാഷ്ട്രീയപരമായി ശരിയല്ലെന്ന വിഡ്ഢിത്തമാണ് പലരും പ്രചരിപ്പിക്കുന്നത്.
ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കു യുഎസിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി ഇക്കഴിഞ്ഞ ജനുവരി 27നു പുറത്തിറക്കിയ ഉത്തരവ് വ്യാപക പ്രതിഷേധത്തിനും കോടതി നടപടികൾക്കും ഇടയാക്കിയിരുന്നു. തുടർന്ന് ജൂണിൽ ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർക്കു യുഎസിൽ പ്രവേശിക്കുന്നതിനു പുതിയ നിബന്ധനകൾ ട്രംപ് ഭരണകൂടം ഏർപ്പെടുത്തുകയായിരുന്നു.
ഐഎസ് ഭീകരർ ഇൻ്റർനെറ്റ് ഉപയോഗിക്കുന്നതു തടയാൻ അതിനു വിലക്കേർപ്പെടുത്തണമെന്ന നിർദേശം ഇക്കഴിഞ്ഞ ഡിസംബറിൽ ട്രംപ് മുന്നോട്ടു വച്ചിരുന്നു. ഇതു സംബന്ധിച്ച് മൈക്രോസോഫ്റ്റ് തലവൻ ബിൽഗേറ്റ്സിനെപ്പോലുള്ളവരെ കാണണമെന്നും അന്നു പറഞ്ഞു. ചൈനയെ മാതൃകയാക്കി ചില പ്രത്യേക മേഖലകളിൽ ഇൻ്റർനെറ്റിന് വിലക്കേർപ്പെടുത്തണമെന്നായിരുന്നു നിർദേശം. ആവശ്യമെങ്കിൽ അതിന് വിദഗ്ധരെ നിയോഗിക്കും. വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമായി ഇതിനെ വ്യാഖ്യാനിക്കുന്നവർ വിഡ്ഢികളാണെന്നും അന്ന് ട്രംപ് പറഞ്ഞു.