ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീം കോച്ചായി നെതർലൻഡ്സുകാരൻ ഷൂർഡ് മരിനെ നിയമിച്ചു. നിലവിൽ ഇന്ത്യൻ വനിത ടീം കോച്ചാണ് മരിൻ. പുറത്താക്കപ്പെട്ട റോളൻറ് ഒാൾട്ട്മാൻസിന് പകരക്കാരനായാണ് പുതിയ നിയമനം. ഒാൾട്ട്മാൻസിൻ്റെ പിൻഗാമിയാവുമെന്ന് സാധ്യത കൽപിക്കപ്പെട്ട ജൂനിയർ ടീം കോച്ച് ഹരേന്ദ്ര സിങ്ങിനെ വനിത ടീമിൻ്റെ ഹൈപെർഫോമൻസ്സ്പെഷലിസ്റ്റ് കോച്ചായി നിയമിച്ചു. ഇദ്ദേഹം ശനിയാഴ്ച ചുമതലയേൽക്കുമെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു. വനിത ടീമിനൊപ്പം യൂറോപ്യൻ പര്യടനത്തിലുള്ള ഷൂർഡ് മരിൻ സെപ്റ്റംബർ 20ന് സ്ഥാനമേൽക്കും.
കായിക സഹമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് ട്വിറ്ററിലൂടെയാണ് പുതിയ കോച്ചുമാരുടെ വിവരങ്ങൾ പുറത്തുവിട്ടത്. 2020 വരെയുള്ള കാലയളവിലേക്കാണ് ഇരുവരെയും നിയമിച്ചത്. ഹോക്കി ഇന്ത്യയും കായിക മന്ത്രാലയവും ഉൾപ്പെട്ട സംയുക്ത മീറ്റിങ്ങിലാണ് തീരുമാനങ്ങളെടുത്തത്. അതേസമയം, വനിത ടീമിൻ്റെ കോച്ചിനെ പുരുഷ ടീമിൻ്റെ പരിശീലകനാക്കുന്നതിനെതിരെ മുൻ താരങ്ങളും പരിശീലകരും രംഗത്തെത്തി. പുരുഷ ടീമിനെ പരിശീലിപ്പിച്ച് പരിചയമില്ലാത്ത ഒരാളെ ഇന്ത്യൻ സീനിയർ ടീം കോച്ചായി നിയമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇവർ അറിയിച്ചു. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ലോകകപ്പ് എന്നിവ അടുത്തിരിക്കെ ഹോക്കി ഇന്ത്യയുടെ തീരുമാനം മണ്ടത്തരമാണെന്ന് മുൻ ക്യാപ്റ്റൻ അജിത് പാൽ സിങ് പറഞ്ഞു.
നാലുവർഷങ്ങൾക്ക് മുമ്പ് ഹൈപെർഫോമൻസ് ഡയറക്ടറായി ചുതലയേറ്റ ഒാൾട്ട്മാൻസ് 2015ലാണ് ഇന്ത്യൻ പുരുഷ ടീം കോച്ചായി ചുമതലയേൽക്കുന്നത്. എന്നാൽ ഇൗ സീസണിൽ ദയനീയ തോൽവികൾ ഒാൾട്ട്മാൻസിൻ്റെ സീറ്റ് തെറിപ്പിച്ചു. നെതർലൻഡ് താരമായിരുന്ന മരിൻ ഡച്ച് അണ്ടർ 21 വനിത ടീമിനെ ലോകചാമ്പ്യന്മാരാക്കിയിരുന്നു. സീനിയർ വനിത ടീമിനെ ഹോക്കി ലീഗ് സെമിഫൈനൽ ജേതാക്കളുമാക്കി. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യൻ വനിത ടീമിൻ്റെ പരിശീലകനാവുന്നത്. പുരുഷ ടീം കോച്ചിൻ്റെ വേഷത്തിൽ അടുത്ത മാസത്തെ ഏഷ്യകപ്പ് മത്സരമാവും മരിൻ്റെ അരങ്ങേറ്റം.