വാഷിങ്ടണ്‍: കരീബിയന്‍ ദ്പീപുകളില് കനത്ത നാശം വിതച്ചതിനു ശേഷം ഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയിക്കെത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാത്രിയോടെ ഇര്‍മ ഫ്ളോറിഡയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. ഫ്ളോറിഡയിലും ഇര്‍മ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയേക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. ഇര്‍മ കരീബിയന്‍ ദ്വീപുകളിലെ 17 പേരുടെ ജീവനാണ് എടുത്തത്.
ഫ്ളോറിഡയില്‍ നിന്ന് ഇപ്പോള്‍ വന്‍ തോതില്‍ ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വിമാനത്താവളങ്ങളിലും പെട്രോള്‍ പമ്പുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം കാറ്റഗറി 5 ല്‍ പെട്ട ഇര്‍മ കാറ്റഗറി 4ല്‍ എത്തിയത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. ഇതു വരെ 10 ലക്ഷത്തിലധികം ആളുകളെ ഇര്‍മ ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
മണിക്കൂറില്‍ 209 മുതല്‍ 251 കിലോമീറ്റര്‍ വരെ ആഞ്ഞടിക്കാന്‍ ശേഷിയുള്ളതാണ് കാറ്റഗറി 4 ല്‍ പെട്ട കൊടുങ്കാറ്റുകള്‍. കാറ്റഗറി 5ല്‍ പെട്ട കാറ്റുകള്‍ മണിക്കൂറില്‍ 252 കിലോമീറ്റര്‍ വേഗതക്കു മുകളില്‍ ആഞ്ഞടിക്കും.
അത്ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്ക് സമീപം നിന്നാണ് ഇര്‍മ രൂപം കൊണ്ടത്. ഇര്‍മ ശക്തിയാര്‍ജ്ജിച്ചതിനെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്ളോറിഡയിലെയും പ്യൂര്‍ട്ടോറിക്കോയിലെയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിയിരുന്നു.