വാഷിങ്ടണ്‍ : ബരാക് ഒബാമ നടപ്പിലാക്കിയ ഡിഎസിഎ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചില്‍ഡ്രണ്‍ അറൈവല്‍) നിയമം റദ്ദാക്കി കുടിയേറ്റ നിയമത്തെ ശക്തമാക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. കുട്ടികളായിരിക്കെ അമേരിക്കയില്‍ എത്തുന്നവര്‍ക്ക് വലുതാവുമ്പോള്‍ അവിടെ ജോലിചെയ്യാന്‍ സാധിക്കുന്ന നിയമമാണ് ട്രംപ് റദ്ദാക്കാന്‍ പോകുന്നത്. 7,000ത്തോളം ഇന്ത്യക്കാരെ ഇത് കാര്യമായി ബാധിക്കും.
യുഎസ്സിൻ്റെ ആറ്റോണി ജനറല്‍ ജെഫ് സെഷന്‍സാണ് ഇക്കാര്യം അറിയിച്ചത്. നിയമം പിന്‍വലിച്ചതോടെ നിരവധിപേര്‍ സമരവുമായി വൈറ്റ് ഹൗസിൻ്റെ മുന്നിലെത്തി. കുടിയേറ്റ നിയമങ്ങള്‍ ശക്തമാക്കുമെന്ന് ഇലക്ഷന് സമയത്തുതന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെൻ്റ് നിയമം റദ്ദാക്കിയ നടപടി ഒഴിവാക്കണമെന്ന് ട്രംപിന് നിയമോപദേശം നല്കി. എന്നാല്‍ ഇവിടെ വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ അമേരിക്കയ്ക്ക് സാധിക്കില്ല എന്നും കുടിയേറ്റത്തിന്റെ കാര്യത്തില്‍ ശക്തമായ നിയമം വേണം എന്നുള്ള മറുപടിയുമാണ് ട്രംപ് നല്‍കിയത്.
2012 ല്‍ ഒബാമയാണ് മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്ന ആളുകള്‍ക്ക് നിയമസംരക്ഷണം നല്‍കാനായി ഡിഎസിഎ നിയമം കൊണ്ടുവന്നത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ നിയമം വലിയ ആശ്വസമായിരുന്നു. എന്നാല്‍ നിയമം പിന്‍വലിക്കുന്നതോട് എട്ടുലക്ഷത്തോളം കുടിയേറ്റക്കാരുടെ ഭാവി അവതാളത്തിലാകും. ഡിഎസിഎ നിയമ പ്രകാരം അനവധി ഇന്ത്യക്കാര്‍ അമേരിക്കയില്‍ ഉണ്ട്. ഇത്തരത്തില്‍ കുടിയേറ്റം ചെയ്യുന്നവരില്‍ 11 സ്ഥാനമാണ് ഇന്ത്യക്കുള്ളത്.