സാന്‍ അൻ്റോണിയോ: ഹാര്‍വി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹൂസ്റ്റണില്‍ അഞ്ച് പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കനത്ത മഴ തുടരുന്നത് വലിയ വെള്ളപ്പൊക്കമുണ്ടാക്കിയേക്കാമെന്ന ഭീതിയിലാണ് അധികൃതര്‍. ഹൂസ്റ്റണ്‍ നഗരം തന്നെ മുങ്ങിയേക്കാവുന്ന തരത്തിലുള്ള വെള്ളപ്പൊക്കത്തിന് സാധ്യത ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് യുഎസ് കാലാവസ്ഥാ വിഭാഗം നല്‍കിയിട്ടുണ്ട്.
ടെക്സസ് നഗരത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിൻ്റെ കരുത്ത് കുറഞ്ഞിട്ടുണ്ട്. 50 വര്‍ഷത്തിനിടെ ടെക്സസ് നേരിടുന്ന വലിയ ചുഴലിക്കാറ്റാണിത്. ചുഴലിക്കാറ്റില്‍ വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. പതിനായിരങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. 20 ലക്ഷം പേരാണ് യുഎസിലെ ഏറ്റവും വലിയ നഗരമായ ടെക്സസിലുള്ളത്.
വെള്ളിയാഴ്ചയാണ് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍ ഹാര്‍വി ചുഴലിക്കാറ്റ് ടെക്സസിലെത്തിയത്. ഇപ്പോള്‍ അതിന്റെ കരുത്ത് കുറഞ്ഞ് മണിക്കൂറില്‍ 65 കിലോമീറ്ററായി കുറഞ്ഞുവെന്നാണ് വിവരം. അതേസമയം കനത്ത മഴ തുടരുകയാണ്. കാറ്റഗറി നാലില്‍ പെട്ട ചുഴലിക്കാറ്റാണ് ഹാര്‍വിയെന്ന് യുഎസ് കാലാവസ്ഥാ ഏജന്‍സി പറയുന്നത്.