ന്യൂയോര്‍ക്ക്: ഹോളിവുഡിലെ ഹാസ്യ ചക്രവര്‍ത്തി ജെറി ലൂയിസ് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു ലൂയിസിൻ്റെ അന്ത്യം. ഞായറാഴ്ച ലാസ് വെഗാസിലെ വസതിയിലായിരുന്നു അന്ത്യമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
ദ നട്ടി പ്രൊഫസര്‍, സിന്ഡെര്ഫെല്ല, ദി ബെല്‍ബോയ് തുടങ്ങിയവയാണ് ലൂയിസിൻ്റെ എക്കാലത്തെയും മികച്ച ചിത്രങ്ങള്‍. 1983 -ല്‍ പുറത്തുവന്ന ദി കിംഗ് ഓഫ് കോമഡി എന്ന ചിത്രവും അദ്ദേഹത്തെ ഏറെ ജനകീയനാക്കി. ജെറി ലൂയിസും ഡിയന് മാര്‍ട്ടിനും ചേര്‍ന്ന് അഭിനയിച്ച് 10 വര്‍ഷത്തിനിടെ പുറത്തുവന്ന 16 സിനിമകള്‍ ഹോളിവുഡിലെ എക്കാലത്തെയും ബോക്സ്ഓഫീസ് വിജയങ്ങളായിരുന്നു.
നടനെന്നതിലുപരി ഗായകന്, സംവിധായകന് എന്നീ നിലകളിലും ലൂയിസ് പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഒരുകാലത്ത് ഹോളിവുഡിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടന് എന്ന നിലയില്‍ അദ്ദേഹത്തിൻ്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നിരുന്നു.