സ്പെയിനിൻ്റെ റഫേല്‍ നദാല്‍ പുരുഷ വിഭാഗം ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തും. സ്വിസ് താരം റോജര്‍ ഫെഡറര്‍ ഈ ആഴ്ച ആരംഭിക്കുന്ന സിന്‍സിനാറ്റി മാസ്റ്റേഴ്സ് ടൂര്‍ണമെൻ്റിൽ നിന്നും പിന്മാറിയതോടെയാണ് നദിലാന് അസുലഭ അവസരം കൈവന്നിരിക്കുന്നത്.
ഓഗസ്റ്റ് 21 ന് പുറത്തിറങ്ങുന്ന റാങ്കിംഗില്‍ നദാല്‍ തലപ്പത്തുണ്ടാകും. നീണ്ട മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നദാല്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. 2014 ജൂലൈ ആറിന് ശേഷം നദാല്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ല. 2008 ഓഗസ്റ്റ് ഒന്നിനാണ് നദാല്‍ ആദ്യമായി ലോക റാങ്കിംഗില്‍ ഒന്നാമതെത്തിയത്. 141 ആഴ്ച ലോക ഒന്നാം നമ്പര്‍ സ്ഥാനം അലങ്കരിക്കാന്‍ നദാലിന് സാധിച്ചു.
ഫെഡറര്‍ക്ക് ഇനി ഒന്നാംസ്ഥാനം സ്വന്തമാക്കണമെങ്കില്‍ വര്‍ഷത്തെ അവസാന ഗ്രാൻ്റ് സ്ലാമായ യുഎസ് ഓപ്പണില്‍ മുത്തമിടണം. ഓഗസ്റ്റ് 28 നാണ് യുഎസ് ഓപ്പണ്‍ ആരംഭിക്കുന്നത്.
സിന്‍സിനാറ്റിയില്‍ ഏഴുതവണ കിരീടം നേടിയിട്ടുള്ള ഫെഡറര്‍ പുറംവേദനയെ തുടര്‍ന്നാണ് ഇത്തവണ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം അവസാനിച്ച മോണ്ട്രിയല് മാസ്റ്റേഴ്സ് ടൂര്‍ണമെൻ്റില്‍ ഫെഡറര്‍ റണ്ണറപ്പ് ആയിരുന്നു. ഫൈനലില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സവറേവിനോടാണ് ഫെഡറര്‍ (3-6, 4-6) പരാജയപ്പെട്ടത്.