വാഷിങ്ടണ്‍: ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേ ഭാഷയില്‍ തിരിച്ചടികൊടുത്ത് ഉത്തരകൊറിയയും രംഗത്ത്. അമേരിക്കന്‍ സൈനികത്താവളമുള്ള ഗുവാമിനു നേരെ ആക്രമണം നടത്തുമെന്ന് ഉത്തരകൊറിയ പറഞ്ഞു.
പസഫിക് മേഖലയില്‍ അമേരിക്കയുടെ ശക്തമായ സൈനിക സാന്നിധ്യമുള്ള ദ്വീപാണ് ഗൂവാം. കര, വ്യോമ, നാവികസേനയുടേയും തീരദേശ സേനയുടേയും ശക്തമായ സാന്നിധ്യമുണ്ട് ഇവിടെ.
ആണവ മിസൈലുകള്‍ സജ്ജമാക്കുന്നതില്‍ ഉത്തരകൊറിയ ബഹൂദൂരം മുന്നോട്ടു പോയെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്.
ഉത്തരകൊറിയന്‍ പ്രസിഡന്റ് ലോകത്തിന് ഭീഷണിയാണെന്നും ട്രംപ് അഞ്ഞടിച്ചു. ഇതാദ്യമായാണ് കൊറിയന്‍ വിഷയത്തില്‍ ട്രംപ് ഇത്ര രൂക്ഷമായ പ്രതികരണം നടത്തുന്നത്. കൊറിയക്കെതിരെ യുദ്ധത്തിന് തയ്യാറെടുക്കുന്നതായി ട്രംപ് സൂചിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം ഒരു സെനറ്റര്‍ വെളിപ്പെടുത്തിയിരുന്നു.
ഉത്തരകൊറിയ അണുബോംബിന്റെ ചെറുരൂപം വികസിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്കന്‍ തീരം വരെയെത്തുന്ന ഭൂഖണ്ഡാന്തര മിസൈല്‍ കൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതാണ് അമേരിക്കയെ നിലപാട് കടുപ്പിക്കാന്‍ പ്രേരിപ്പിച്ചത്.