മാഞ്ചെസ്റ്റര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് 177 റണ്ണിൻ്റെ കൂറ്റന്‍ ജയം. 380 റണ്ണിൻ്റെ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സില്‍ 202 ന് എല്ലാവരും പുറത്താകുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ മൊയിന്‍ അലിയുടെ ബൗളിങ്ങാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 19.5 ഓവറില്‍ 69 റണ്‍ വഴങ്ങിയാണ് അലിയുടെ അഞ്ചുവിക്കറ്റ് നേട്ടം. പേസര്‍ ജെയിംസ് ആന്ഡേഴ്സണ് മൂന്നുവിക്കറ്റെടുത്ത് മികച്ച പിന്തുണയേകി. സ്റ്റുവര്‍ട്ട് ബ്രോഡും ടോബി റോളണ്ട് ജോണ്‍സും ഓരോ വിക്കറ്റ് വീഴ്ത്തി.
ജയത്തോടെ അഞ്ചു മത്സര പരമ്പര ഒരു മത്സരം ബാക്കി നില്‍ക്കെ 3-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി.
83 റണ്ണെടുത്ത ഹാഷിം ആംലയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഫാഫ് ഡ്യൂപ്ലെസി 61 റണ്ണെടുത്തു. ഇരുവരുടെയും പുറത്താകലിനുശേഷം മധ്യനിര തകര്‍ന്നടിഞ്ഞതാണ് ദക്ഷിണാഫ്രിക്കയ്ക്കു വിനയായത്.
21 റണ്ണെടുത്തു പുറത്താകാതെനിന്ന കേശവ് മഹാരാജ് മാത്രമാണ് പിന്നീടു ചെറുത്തുനിന്നത്. ക്വിന്റണ്‍ ഡി കോക്ക് (ഒന്ന്), ഡിബ്രുയന്(പൂജ്യം), റബാഡ (ഒന്ന്), മോണെ മോര്‍ക്കല്‍ (പൂജ്യം), ഡ്യുവാന്‍ ഒലിവിയര്‍ (പൂജ്യം) എന്നിങ്ങനെയാണ് രണ്ടാം ഇന്നിങ്സില്‍ മറ്റു ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരുടെ സ്കോര്‍.