ലണ്ടൻ ∙ സ്വകാര്യ ജീവിതം സംബന്ധിച്ച ഡയാന രാജകുമാരിയുടെ വിവാദ വെളിപ്പെടുത്തലുകൾ അടങ്ങിയ അഭിമുഖ ഭാഗങ്ങൾ ബ്രിട്ടനിലെ ചാനൽ 4 പുറത്തുവിട്ടു. യുകെയിൽ ഇതാദ്യമായാണ് അഭിമുഖം സംപ്രേഷണം ചെയ്യുന്നത്. ഡയാന കാറപകടത്തിൽ മരിച്ചിട്ടു 31ന് 20 വർഷമാകും.
അംഗരക്ഷകനുമായുള്ള ബന്ധമാണു തൻ്റെ ജീവിതത്തിലെ ഏറ്റവും ഉദാത്തമായ സ്നേഹം എന്നു ഡയാന പറയുന്നു. ചാൾസ് രാജകുമാരനുമായുള്ള വിവാഹബന്ധം തുടക്കംമുതൽ അതൃപ്തി നിറഞ്ഞതായിരുന്നു. വിവാഹം കഴിഞ്ഞു വർഷങ്ങൾക്കു ശേഷമാണു താൻ യഥാർഥ പ്രണയം അറിഞ്ഞത്. ‘എനിക്ക് 24–25 വയസ്സുള്ളപ്പോൾ ഇവിടെ ജോലിയെടുത്തിരുന്ന ഒരാളുമായി ഞാൻ അഗാധ പ്രണയത്തിലായി. പക്ഷേ, അതോടെ അദ്ദേഹത്തെ പിരിച്ചുവിട്ടു. പിന്നീടു കൊന്നുകളഞ്ഞു. അദ്ദേഹമായിരുന്നു എൻ്റെ ഏറ്റവും വലിയ സ്നേഹം.’
പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ബാരി മാനക്കി 1980കളിൽ ഒരുവർഷത്തോളം ഡയാനയുടെ അംഗരക്ഷനായിരുന്നു. പിന്നീട് അദ്ദേഹത്തെ കൊട്ടാരത്തിൽ നിന്നു സ്ഥലംമാറ്റി. 1987ൽ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ കാറിടിച്ചു മരിക്കുകയും ചെയ്തു.
വിവാഹത്തിനു മുൻപ് ആകെ 13 തവണ മാത്രമാണു താൻ ചാൾസിനെ കണ്ടിട്ടുള്ളത്. അക്കാലത്തു ‘ചിലപ്പോൾ ദിവസവും ഫോൺ ചെയ്യും. പിന്നീട് ആഴ്ചകളോളം വിളിക്കാതിരിക്കും. പ്രേമബന്ധത്തിൻ്റെ കാര്യത്തിൽ ഒരു സ്ഥിരതയുമില്ലാത്ത ആൾ’– തുടക്കത്തിലെ പ്രേമം ആറിത്തണുത്തതോടെ തങ്ങളുടേതു വികാരരഹിതമായ ദാമ്പത്യമായി മാറി. 1992–93 കാലഘട്ടത്തിൽ പീറ്റർ സെറ്റ്ലൻ എന്നയാൾ ചിത്രീകരിച്ച സ്വകാര്യ സംഭാഷണം പിന്നീടു ‘ഡയാന സ്വന്തം വാക്കുകളിൽ’ എന്ന ഡോക്യുമെൻ്ററിയിൽ ചേർക്കുകയായിരുന്നു.
മുപ്പത്തിയാറാം വയസ്സിൽ 1997 ഓഗസ്റ്റ് 31നു പാരിസിൽ കാറപകടത്തിലാണു ഡയാന മരിച്ചത്. ഞായറാഴ്ച വൈകിട്ടു സംപ്രേഷണം ചെയ്ത അഭിമുഖം 35 ലക്ഷം പേർ കണ്ടു.