വാഷിങ്ടണ്‍: ലോകമെങ്ങുമുള്ള കംപ്യൂട്ടര്‍ ശൃംഖലയെ പിടിച്ചുലച്ച വാനാക്രൈയെ വരുതിയിലാക്കിയ ബ്രിട്ടീഷ് സൈബര്‍ വിദഗ്ധന്‍ മാര്‍കസ് ഹച്ചിന്‍സ് യു.എസില്‍ അറസ്റ്റിലായി. ഓണ്‍ലൈന്‍ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന മാല്‍വെയറുകള്‍ നിര്‍മിച്ചതിനാണ് ഹച്ചിന്‍സിനെ എഫ്.ബി.ഐ. അറസ്റ്റുചെയ്തത്. നാല്പതുവര്ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് 23-കാരനായ ഹച്ചിന്സിനെതിരേ ചുമത്തിയത്. ലാസ് വേഗാസില്‍ ഹാക്കിങ്ങുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ പങ്കെടുത്തുമടങ്ങവേയാണ് അറസ്റ്റ്
ക്രോണോസ് എന്ന പേരിലുള്ള മാല്‍വെയറിലൂടെയാണ് ബാങ്കിങ് ഇടപാടുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. 2014 ജൂലായ് മുതല്‍ 2015 ജൂലായ് വരെയാണ് മറ്റൊരാളുമായി ചേര്‍ന്ന് ഹച്ചിന്‍സ് കുറ്റകൃത്യത്തിലേര്പ്പെട്ടതെന്ന് യു.എസ്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു. ഹച്ചിന്‍സ് തയ്യാറാക്കിയ മാല്‍വേര്‍ കൂട്ടാളി 2000 ഡോളറിന് വിറ്റുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഇക്കഴിഞ്ഞ മേയ് 12-ന് ലോകമെങ്ങുമുള്ള രണ്ടരലക്ഷത്തോളം കംപ്യൂട്ടറുകളാണ് വാനാക്രൈ റാന്‍സംവേര്‍ ആക്രമണത്തില്‍ നിശ്ചലമായത്. മൂന്ന് ദിവസംകൊണ്ടാണ് ഹച്ചിന്‍സ് ഇതിൻ്റെ കില്‍ സ്വിച്ച് കണ്ടെത്തി വ്യാപനത്തിന് കടിഞ്ഞാണിട്ടത്. ഔപചാരികമായി കംപ്യൂട്ടര്‍ പഠിച്ചിട്ടില്ലാത്ത ഹച്ചിന്‍സ് മാല്വേര്ടെക്ക് എന്ന പേരില്‍ തുടങ്ങിയ ടെക്നിക്കല്‍ ബ്ലോഗ് വഴിയാണ് അധികൃതരെ ഇതിന് സഹായിച്ചത്. ആദ്യഘട്ടത്തില്‍ പേരും മറ്റ് വിശദാംശങ്ങളും മറച്ചുവെച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ മാല്വേര്ടെക്കിനു പുറകിലെ യുവാവ് ആരെന്ന് വെളിപ്പെട്ടതോടെ ഹച്ചിന്‍സണ്‍ സൈബര്‍ ഹീറോ ആയി.