മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ക്ക് ബാഴ്സലോണ വിടാന്‍ അനുമതി. 222 ദശലക്ഷം യൂറോയാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്കുള്ള ട്രാന്‍സ്ഫര്‍ തുകയായി ബാഴ്സലോണ ആവശ്യപ്പെട്ടിട്ടുള്ളത്. തുക നല്കാന് തയ്യാറാണെന്ന് പിഎസ്ജി അറിയിച്ചു.
ഇന്ന് നടന്ന ബാഴ്സയുടെ പരിശീലനത്തില്‍ നെയ്മര്‍ പങ്കെടുത്തിരുന്നില്ല. പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബാഴ്സലോണ കോച്ച് ഏണസ്റ്റോ വാല്‍വേഡ് നെയ്മര്‍ക്ക് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ബാഴ്സയുടെ സ്വന്തം തട്ടകമായി ന്യൂകാമ്പിലെത്തിയ നെയ്മര്‍ സഹതാരങ്ങളോട് യാത്ര പറഞ്ഞ് പിരിഞ്ഞു. സഹതാരങ്ങളായിരുന്ന മെസിയും സുവാരസും ഇനിയേസ്റ്റയും പുഞ്ചിരിയോടെ ബ്രസീലിയന്‍ താരത്തെ യാത്രയാക്കി.
ബാഴ്സയുടെ വിജയങ്ങള്‍ക്ക് തന്നോടൊപ്പം ചുക്കാന്‍ പിടിച്ച നെയ്മര്‍ക്ക് സൂപ്പര്‍താരം മെസി ഹൃദയത്തില്‍ തൊടുന്ന യാത്രയയപ്പാണ് നല്‍കിയത്. നെയ്മര്‍ക്ക് ആശംസകള്‍ നേര്‍ന്ന മെസി ഒരു വീഡിയോയും പങ്കുവെച്ചു. കഴിഞ്ഞ കാലങ്ങളിലെ ഇരുവരുമൊത്തുള്ള കളത്തിനകത്തേയും പുറത്തേയും നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് ആശംസയ്ക്കൊപ്പം മെസി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.