മുംബൈ: കപ്പൽ നിർമാണ രംഗത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാർഡ് പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യുമായി എത്തുന്നു. 3.4 കോടിയോളം ഓഹരികളാണ് വില്പനയ്ക്ക് വയ്ക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന വില്പന മൂന്നുവരെ നീണ്ടുനിൽക്കും. മുംബൈയിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കൊച്ചിൻ ഷിപ്പ്യാർഡിൻ്റെ 3,39,84,000 ഓഹരികളുടെ വില്പനയാണ് ലക്ഷ്യമിടുന്നത്. ഇതിൽ 2,26,56,000 ഓഹരികൾ പുതുതായി പുറപ്പെടുവിക്കുന്നതാണ്. സർക്കാരിൻ്റെ 10 ശതമാനമായ 1,13,28,000 ഓഹരികളും വിപണിയിൽ എത്തിക്കും.നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും ഓഹരികൾ ലിസ്റ്റ് ചെയ്യും. ഓഹരി വില്പന പൂർത്തിയാകുന്നതോടെ കൊച്ചിൻ ഷിപ്പ്യാർഡിൽ കേന്ദ്ര സർക്കാരിനുള്ള പങ്കാളിത്തം 75 ശതമാനമായി കുറയും
ഓഹരി മൂലധന സമാഹരണത്തിലൂടെ ലഭിക്കുന്ന തുകയിലൂടെ കൊച്ചിൻ പോർട്ട് ട്രസ്റ്റിൻ്റെ അധീനതയിലുള്ള 42 ഏക്കർ പ്രദേശത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള കപ്പൽശാല സ്ഥാപിക്കുമെന്നും പുതിയ ഡ്രൈ ഡോക്ക് നിർമിക്കുമെന്നും ചെയർമാൻ പറഞ്ഞു. വിദേശ കപ്പലുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും ദ്രവീകൃത പ്രകൃതി വാതക (എൽ.എൻ.ജി.) കണ്ടെയ്നറുകളുടെ നിർമാണത്തിനുമുള്ള ഡ്രൈ ഡോക്കുകൾ നിർമിക്കാനും മറ്റുമായാണ് മൂലധന സമാഹരണം.
ഇതിൽ 1,500 കോടി രൂപ പുതിയ ഡോക്ക് നിർമിക്കാനും 970 കോടി രൂപ കപ്പൽ അറ്റകുറ്റപ്പണി ശാലയ്ക്കും 300 കോടി രൂപ ആധുനികവത്കരണത്തിനുമാണ്. നിലവിൽ കൊച്ചി ഷിപ്പ്യാർഡിന് 1,618 കോടി രൂപ കരുതൽ ശേഖരമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കൊച്ചി കപ്പൽശാലയുടെ വരുമാനം 2,059 കോടി രുപയാണെന്നും ചെയർമാൻ പറഞ്ഞു. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കൊച്ചിൻ ഷിപ്പ്യാർഡ്. പ്രതിരോധ രംഗത്തും സ്ഥാപനത്തിൻ്റെ സംഭാവന പ്രധാനപ്പെട്ടതാണ്. നാവികസേനയുടെ വിമാന വാഹിനിയുടെ നിർമാണം ഉൾപ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കരാറുകൾ കൊച്ചിൻ ഷിപ്പ്യാർഡിന് ലഭിച്ചിട്ടുണ്ട്.
എസ്.ബി.ഐ. ക്യാപിറ്റൽ മാർക്കറ്റ് ലിമിറ്റഡ്, എഡൽവെയ്സ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, ജെ.എം. ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഓഹരി വില്പനയുടെ ലീഡ് മാനേജർമാർ. കൊച്ചിൻ ഷിപ്പ്യാർഡ് ഉൾപ്പെടെയുള്ള രാജ്യത്തെ ഏതാനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയ്ക്ക് 2015 നവംബറിൽ സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി അനുമതി നൽകിയിരുന്നു. എന്നാൽ ജീവനക്കാരുടേതടക്കമുള്ളവരുടെ എതിർപ്പ് കാരണം തുടർ നടപടി വൈകുകയായിരുന്നു.