അബുദാബി: യു.എ.ഇ.യുടെ ആദ്യ ആണവനിലയമായ ബറാഖയുടെ നിര്‍മാണം 81 ശതമാനം പൂര്‍ത്തിയായതായി അധികാരികള്‍ അറിയിച്ചു. ബാറാഖ നിലയത്തില്‍ നാല് റിയാക്ടറുകളാണുള്ളത്.

2020-ല്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ യു.എ.ഇ.യുടെ മൊത്തം വൈദ്യുതാവശ്യത്തിൻ്റെ കാല്‍ഭാഗം ആണവോര്‍ജത്തില്‍നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയും. 5600 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പക്കുക. നാല് റിയാക്ടറുകളുടെ ആദ്യ യൂണിറ്റ് നിര്‍മാണം 95 ശതമാനം പൂര്‍ത്തിയായി.

രണ്ടാമത്തെ യൂണിറ്റ് 84 ശതമാനവും മൂന്നും നാലും യൂണിറ്റുകളുടെ നിര്‍മാണം യഥാക്രമം 74-ഉം 51-ഉം ശതമാനവും പൂര്‍ത്തിയായതായി എന്‍ജിനീയറിങ് വിഭാഗം മേധാവി ഹാങ്ക് ബെറി പറഞ്ഞു. നാല് മാസത്തേക്ക് ഒരു വീട്ടിലേക്ക് ആവശ്യമായ ഊര്‍ജം പ്ലാൻ്റിലെ ഒരു പെല്ലറ്റ് യുറാനിയത്തില്‍നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത് 481 ക്യുബിക് മീറ്റര്‍ പ്രകൃതി വാതകത്തിനും 471 ലിറ്റര്‍ എണ്ണയ്ക്കും ഒരു ടണ്‍ കല്‍ക്കരിയില്‍നിന്നുത്പാദിപ്പിക്കുന്ന ഈര്‍ജത്തിനും സമാനമാണ്. ബാറാഖയിലെ ഓരോ പ്ലാന്റും 30 മില്യണ്‍ ഫ്യുവല്‍ പെല്ലറ്റ് ശേഷിയുള്ളതാണ്.

എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പറേഷന്റെ കീഴില്‍ 1900-ല്‍ അധികം ആളുകളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 60 ശതമാനവും സ്വദേശികളും അതില്‍ 20 ശതമാനം സ്വദേശി വനിതകളുമാണ്. 2020-ല്‍ ഈ സ്ഥാനത്ത് 2500-ഓളം വിദഗ്ധര്‍ ആവശ്യമായിവരും. യു.എ.ഇ.യുടെ ഭാവി ആണവോര്‍ജ രംഗങ്ങളിലെ സാധ്യതകള്‍ മുന്നില്‍ക്കണ്ട് കോര്‍പ്പറേഷന്റെ സ്‌കോളര്‍ഷിപ്പില്‍ 217 ഓളം വിദ്യാര്‍ഥികള്‍ വിദേശത്ത് പഠിക്കുന്നുണ്ട്. ഇതിനുപുറമേ 226 ബിരുദധാരികള്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി.

63 വിദ്യാര്‍ഥിനികളും സ്‌കോളര്‍ഷിപ്പില്‍ പഠിക്കുന്നുണ്ട്. ഈ രംഗത്തുള്ള നിരവധി സ്വദേശി സ്ഥാപനങ്ങള്‍ക്കും ബറാഖയുടെ വരവോടെ സാധ്യതയേറും. 1400-ഓളം സ്ഥാപനങ്ങളാണ് ഇതിനോടകം ബറാഖയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. കാര്‍ബണ്‍ തോത് കുറഞ്ഞ വൈദ്യുതി ഉത്പാദനത്തിനുപുറമേ യു.എ.ഇ.യുടെ മൊത്തം ഊര്‍ജ ഉത്പാദനത്തിലും നിര്‍ണായക സ്വാധീനം ചെലുത്തുക വഴി രാഷ്ട്രപുരോഗതിയില്‍ വലിയപങ്ക് വഹിക്കാന്‍ ബറാഖ ആണവനിലയത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കും.