ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ ഷോട് പുട്ട് സ്വര്‍ണമെഡല്‍ ജേതാവ് മന്‍പ്രീത് കൗര്‍ ഉത്തേജകപരിശോധനയില്‍ പരാജയപ്പെട്ടു. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിന് മുമ്പ് നടന്ന ഫെഡറേഷന് കപ്പിനിടെ നടത്തിയ പരിശോധനയുടെ ഫലത്തിലാണ് മന്‍പ്രീത് നിരോധിതമരുന്ന് ഉപയോഗിച്ചുവെന്ന് വ്യക്തമായത്. ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിക്ക് മുന്നില്‍ നിരപരാധിത്വം തെളിയിക്കാനായില്ലെങ്കില്‍ ഏഷ്യന്‍ സ്വര്‍ണമെഡല്‍ മന്‍പ്രീതിന് തിരികെ നല്‍കേണ്ടി വരും.
അടുത്തമാസം ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് മന്‍പ്രീത് കൗര്‍. എന്നാല്‍ മീറ്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശുഭകരമായ വാര്‍ത്തയല്ല പുറത്തുവരുന്നത്. ജൂണ്‍ ആദ്യം പട്യാലയില്‍ നടന്ന ഫെഡറേഷന് കപ്പിനിടെ ഡൈമീതൈല്ബ്യൂട്ടൈലമൈന് എന്ന ഉത്തേജകം ഉപയോഗിച്ചാണ് മന്‍പ്രീത് മല്‍സരിച്ചതെന്ന് തെളിഞ്ഞു. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ പരിശോധനാഫലം അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്.
നാഡയുടെ തെളിവെടുപ്പ് സമിതിക്ക് മുന്നില്‍ ഹാജരായി നിരപരാധിത്വം തെളിയിക്കാനായില്ലെങ്കില്‍ ഭുവനേശ്വറില്‍ സ്വന്തമായ സ്വര്‍ണമെഡല്‍ മന്‍പ്രീതിന് നഷ്ടമാകും. രാജ്യാന്തര ഉത്തേജകവിരുദ്ധ ഏജന്‍സിയായ വാഡയുടെ നിരോധിതമരുന്നുകളുടെ പട്ടികയില്‍ ഡൈമീതൈല്ബ്യൂട്ടൈലമൈന് ഇല്ലാത്തതിനാല്‍ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ മന്‍പ്രീതിന് തടസമില്ല. എന്നാല്‍ ലോകചാംപ്യന്‍ഷിപ്പ് പോലൊരു രാജ്യാന്തരവേദിയില്‍ അഭിമാനക്ഷതത്തിന് സാഹചര്യമുണ്ടാകാതിരിക്കാന്‍ ഫെഡറേഷന് മുന്കരുതലെടുക്കുമോ എന്നാണ് അറിയേണ്ടത്.