ആശങ്കകള്‍ക്ക് വിരാമമിട്ട് ദിലീപ് ചിത്രം രാമലീല 21ന് തിയേറ്ററിലെത്തുമെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. നടന്‍ ദിലീപിൻ്റെ കരിയറില്‍ തന്നെ മികച്ചത് എന്ന് ചൂണ്ടിക്കാണിക്കപ്പടുന്ന ചിത്രം 14 കോടി ചെലവിലാണ് ഒരുക്കിയിരിക്കുന്നത്. സിനിമയെന്നത് ഒരു വ്യക്തിയെ മാത്രം സംബന്ധിക്കുന്നതല്ലെന്നും നടന്‍ ദിലീപുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വിവാദങ്ങള്‍ ഒന്നും തന്നെ പുതിയ ചിത്രത്തെ ബാധിക്കില്ലെന്നും ടോമിച്ചന്‍ മുളകുപാടം വ്യക്തമാക്കി.
നടന്‍ ദിലീപിനെതിരായ വിവാദങ്ങള്‍ രാമലീല എന്ന ചിത്രത്തിൻ്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചുവെന്നതരത്തില്‍ പുറത്തുവന്ന പ്രചരണങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. ദിലീപ് മാത്രമല്ല നൂറിലധികം ആളുകളുടെ കൂട്ടായ പ്രയത്‌നത്തിൻ്റെ ഫലമായാണ് ഈ സിനിമ ഉണ്ടായതെന്നും നടന്‍മാരുടെ വ്യക്തിപരമായ കാര്യങ്ങള്‍ നോക്കി സിനിമ കാണുന്നവരല്ല മലയാളികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളിപ്രേക്ഷകര്‍ ജനപ്രിയ നടനായി കാണുന്ന ദിലീപിൻ്റെ കരിയറില്‍ തന്നെ ഏറ്റവും നിര്‍ണായകമെന്നു കരുതപ്പെടുന്ന ചിത്രമാണ് രാമലീല. പ്രതികൂല സാഹചര്യത്തിലും ദിലീപ് ചിത്രം വന്‍ വിജയമൊരുക്കുമെന്ന പ്രതീക്ഷയിലാണ് ദിലീപ് ആരാധകര്‍. പുതുമുഖമായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരൻ്റെ ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്.