പന്‍ഡോര എന്ന വിദൂര ഉപഗ്രഹത്തില്‍ ഭാവിയില്‍ യുറേനിയംധാതു തേടിപ്പോകുന്ന മനുഷ്യരും, ആ ഉപഗ്രഹത്തിലെ ‘നാവി’ വര്‍ഗ്ഗക്കാരും തമ്മിലുണ്ടാകുന്ന സംഘര്‍ഷമാണല്ലോ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ‘അവതാര്‍’ (2009) എന്ന സിനിമയുടെ പ്രമേയം. പന്‍ഡോരയില്‍ നാവി വര്‍ഗ്ഗം പാര്‍ക്കുന്നത് വിശാലമായ ‘ഭവനവൃക്ഷ’ങ്ങളിലാണ്. ആ വര്‍ഗ്ഗത്തിൻ്റെ നിലനില്‍പ്പ് തന്നെ, അവരെ പരസ്പരം സഹകരിക്കാന്‍ നാഡീബന്ധമൊരുക്കുന്ന ആ ഭവനവൃക്ഷങ്ങളുമായി ചേര്‍ന്നാണ്.
ചൈനയിലെ ലിയോക്‌ച്ചോയില്‍ നിര്‍മിക്കുന്ന ലോകത്തെ ആദ്യ വനനഗരത്തിൻ്റെ ചിത്രീകരണം കാണുമ്പോള്‍, അവതാറിലെ നാവി വര്‍ഗ്ഗക്കാരുടെ ഭവനവൃക്ഷം (Hometree) ഓര്‍മയില്‍ വരും. പ്രകൃതിയുമായി നാഭീബന്ധം വിടാതെ സൂക്ഷിക്കാന്‍ നാവി വര്‍ഗ്ഗക്കാരെ എങ്ങനെയാണോ ഭവനവൃക്ഷം സഹായിക്കുന്നത്, അതുപോല മനുഷ്യനെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ വനനഗരവും അവസരമൊരുക്കുന്നു.
തെക്കന്‍ ചൈനയില്‍ ഗ്വാങ്ഷി ( Guangxi ) പ്രവിശ്യയിലെ ലിയോക്‌ച്ചോ മുനിസിപ്പാലിറ്റി കമ്മീഷന്‍ ചെയ്ത പ്രോജക്ടാണ് ‘ലിയോക്‌ച്ചോ ഫോറസ്റ്റ് സിറ്റി’ ( Liuzhou Forest Ctiy ). പ്രസിദ്ധ ഇറ്റാലിയന്‍ ഗ്രൂപ്പായ ‘സ്റ്റെഫാനോ ബോയേരി ആര്‍ക്കിടെക്റ്റി’ (Stefano Boeri Architetti) നിര്‍മിക്കുന്ന ഈ വനനഗരം 2020ല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ലോകത്തിൻ്റെ വിവധഭാഗങ്ങളില്‍ ഹരിത നിര്‍മിതികളുണ്ടാക്കുന്നതില്‍ പ്രമുഖരാണ് സ്റ്റെഫാനോ ബോയേരി ആര്‍ക്കിടെക്റ്റി. ഇറ്റലിയിലെ മിലാനില്‍ പ്രസിദ്ധമായ ‘തൂക്കുവനം’ ( Vertical Forest ) രൂപകല്‍പ്പന ചെയ്തത് ഈ ഗ്രൂപ്പാണ്. ചെടികളും വൃക്ഷങ്ങളും നിറഞ്ഞ ഒരു ഫ് ളാറ്റ് സമുച്ചയമാണത്. കിഴക്കന്‍ ചൈനയിലെ നാഞ്ചിങ് (Nanjing) നഗരത്തില്‍ സമാനമായ പദ്ധതി സ്റ്റെഫാനോ ബോയേരി ഏറ്റെടുത്തുകഴിഞ്ഞു. അതിനിടെയാണ്, ഒരു വനനഗരം തന്നെ ചൈനയില്‍ സൃഷ്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. ഓഫീസുകള്‍, വീടുകള്‍, ഹോസ്റ്റലുകള്‍, സ്‌കൂളുകള്‍ ഒക്കെ ഉള്‍പ്പെട്ട സമുച്ചയമാണ് ലിയോക്‌ച്ചോയിലെ വനനഗരത്തിലുണ്ടാവുക.
മുപ്പതിനായിരം പേര്‍ക്ക് താമസിക്കാന്‍ പാകത്തിലാണ് ലിയോക്‌ച്ചോയില്‍ വനനഗരം വരുന്നത്. അന്തരീക്ഷ മലിനീകരണം ചെറുക്കുകയാണ് വനനഗരത്തിൻ്റെ മുഖ്യലക്ഷ്യം. ഒരുവര്‍ഷം പതിനായിരം ടണ്‍ കാര്‍ബണ്‍ ഡൈയോക്‌സയിഡും അമ്പത്തേഴ് ടണ്‍ മാലിന്യങ്ങളും ആഗിരണം ചെയ്യാന്‍ വനനഗരത്തിന് കഴിയും. ഒപ്പം തൊള്ളായിരം ടണ്‍ ഓക്‌സിജന്‍ പുറത്തുവിടുകയും ചെയ്യും.
ലിയോക്‌ച്ചോയ്ക്ക് വടക്ക് ലിയുജിയാങ് നദിക്കടുത്ത് 432 ഏക്കര്‍ പ്രദേശമാണ് വനനഗരമായി മാറുക. റെയില്‍ ലൈനുകളിലോടുന്ന ഇലക്ട്രിക് വഹനങ്ങളില്‍ ഈ ഹരിതനഗരത്തിലെവിടെയും സഞ്ചരിക്കാം. പാര്‍പ്പിടമേഖലകളിലേക്കും കച്ചവടസ്ഥലങ്ങളിലേക്കും വനനഗരത്തിലെ രണ്ട് സ്‌കൂളുകളിലേക്കും ആസ്പത്രിയിലേക്കുമൊക്കെ ഇങ്ങനെ മലിനീകരണമുണ്ടാക്കാതെ പോകാന്‍ കഴിയും. ഊര്‍ജത്തിൻ്റെ കാര്യത്തിലും ലിയോക്‌ച്ചോ വനനഗരം സ്വയംപര്യാപ്തമായിക്കും. വീടുകളിലും ഓഫീസുകളിലും എയര്‍കണ്ടീഷനിങ്ങിന് ജിയോതെര്‍മല്‍ എനര്‍ജിയാണ് ഉപയോഗിക്കുക, കെട്ടിടങ്ങളിലെല്ലാം സൗരോര്‍ജ പാനലുകളുമുണ്ടാകും.