പാനസോണിക്കിൻ്റെ ഡിജിറ്റല്‍ ക്യാമറാ ബ്രാന്‍ഡായ ലുമിക്‌സ് 2001 ല്‍ ചെറുക്യാമറകളുമായാണ് ആദ്യം വിപണിയിലെത്തിയത് പിന്നീട് നിരവധി പോയിൻ്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളും ഡിഎസ്.എല്‍.ആര്‍ ക്യാമറകളുമൊക്കെ ലുമിക്‌സിൻ്റെതായി വിപണിയിലെത്തി. ഇവ കൂടാതെ മിറര്‍ലെസ്സ് ക്യാമറകളിലും ബ്രിഡ്ജ് ക്യാമറകളിലും ലുമിക്‌സ് വിവിധ പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. വ്യത്യസ്തത തേടിപ്പോയ ലുമിക്‌സിന് കിട്ടിയ മികച്ച ഒരു ബ്രിഡ്ജ് ക്യാമറയാണ് FZ2500.
ഫിക്‌സഡ് ലെന്‍സ് ഫിലിം മേക്കിങ്ങിനു അവസരമൊരുക്കുന്ന ഈ ക്യാമറ ബ്രിഡ്ജ് ക്യാമറകളിലെ പുതുയുഗത്തിന് തുടക്കമിട്ടിരിക്കുകയാണ്. DMC-FZ2500 എന്ന മോഡലില്‍ ഇന്ത്യയില്‍ വിപണിയിലെത്തിയ ഈ ക്യാമറ ചില രാജ്യങ്ങളില്‍ FZ2000 എന്നാണ് അറിയപ്പെടുന്നത്.വലിപ്പമേറിയ ഇലക്ട്രോണിക് വ്യൂ ഫൈന്‍ഡറും, ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്യാവുന്ന ഒരു കൂട്ടം ബട്ടണുകളുമാണ് ഈ ക്യാമറയുടെ പ്രത്യേകത.
ഉയര്‍ന്ന ഗുണനിലവാരമുള്ള ലെയ്ക്ക ലെന്‍സുമായാണ് ലുമിക്‌സ് FZ2500 അവതരിപ്പിച്ചിരിക്കുന്നത്. സോണി പുറത്തിറക്കിയ DSC-RX10 III എന്ന ഫിക്‌സഡ് ലെന്‍സ് ക്യാമറയുമായി മത്സരിക്കാനെത്തിയിരിക്കുന്ന ഈ ബ്രിഡ്ജ് ക്യാമറയ്ക്ക് ഒട്ടനവധി പ്രത്യേകതകളാണുള്ളത്.
24-480 എംഎം (35 എംഎം ഇക്വലെന്റ്) ലെയ്ക്ക ഡിസി ലെന്‍സ് 20X സൂപ്പര്‍ സൂമിങ്ങ് വാഗ്ദാനം ചെയ്യുന്നു. എഫ് 2.8 മുതല്‍ എഫ് 4.5 വരെയുള്ള അപ്പേര്‍ച്ചര്‍ വാഗ്ദാനം ചെയ്യുന്ന ലെന്‍സില്‍ വിവിധ പ്രകാശവിപഥനങ്ങള്‍ (aberration) പരിഹരിക്കുന്നതിനായുള്ള സംവിധാനവുമുണ്ട്. സൂം ചെയ്യുന്ന സമയത്ത് ഫോക്കസ് വ്യത്യാസപ്പെടാതെ നോക്കുന്ന ഫോക്കസ് കണ്‍ട്രോള്‍ അല്‍ഗോരിതം വീഡിയോ ഷൂട്ടിങ്ങിലും വൈഡ് ലൈഫ് ഫോട്ടോഗ്രാഫിയിലും പ്രയോജനപ്രദമാണ്. ലെന്‍സിലെ വേരിയബിള്‍ എന്‍ഡി ഫില്‍റ്റര്‍ ഉയര്‍ന്ന വെളിച്ചമുള്ള സാഹചര്യങ്ങളിലെ ഷൂട്ടിംഗ് സുഗമമാക്കുന്നു.
ഇമേജ് ക്വാളിറ്റി &എ.എഫ് പെര്‍ഫോമന്‍സ്
20.1 മെഗാപിക്‌സല്‍ റെസലൂഷന്‍ നല്‍കുന്ന ഒരിഞ്ച് ഹൈ സെന്‍സിറ്റിവിറ്റി സിമോസ് സെന്‍സറാണ് ഈ ക്യാമറയിലുള്ളത് 12800 എന്ന ഉയര്‍ന്ന ഐ.എസ്.ഒ. മൂല്യത്തില്‍ ഷൂട്ട് ചെയ്യുമ്പോള്‍ പോലും നോയിസ് ഇല്ലാത്ത ദൃശ്യങ്ങള്‍ സമ്മാനിക്കാന്‍ കഴിയുന്ന സെന്‍സറിനൊപ്പം പ്രവര്‍ത്തിക്കുന്ന വീനസ് എന്‍ജിന്‍ മിഴിവേറിയതും കൃത്യമായ നിറങ്ങളോട് കൂടിയതുമായ ഔട്ട്പുട്ട് നല്‍കും.
ഡെപ്ത് ഫ്രം ഡീഫോക്കസ് (DFD) സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോക്കസിംഗ് സംവിധാനമാണ് ലുമിക്‌സ് FZ2500Â ഉപയോഗിച്ചിരിക്കുന്നത്. ഇത് ഫോക്കസിംഗ് സമയം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ 0.09 സെക്കന്റ് വേഗതയില്‍ അള്‍ട്രാ ഹൈസ്പീഡ് ആട്ടോ ഫോക്കസിംഗ് ഈ ക്യാമറയില്‍ സാധ്യമാക്കുന്നു. അതിവേഗ ഷൂട്ടിങ് മോഡില്‍ 12 എഫ്പിഎസ് വരെ വേഗതയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ ക്യാമറയ്ക്ക് കഴിയും.
ഫോട്ടോഗ്രാഫി സവിശേഷതകള്‍
125-12,800 റേഞ്ചില്‍ ഐഎസ്ഒ സാധ്യമാകുന്ന ക്യാമറയില്‍ ഈ മൂല്യം 25600 വരെ പരമാവധി ഉയര്‍ത്താനാകും. 5 വൈറ്റ് ബാലന്‍സ് പ്രീ സെറ്റുകളും, കസ്റ്റം വൈറ്റ് ബാലന്‍സ് പ്രത്യേകതയും സാധ്യമാകുന്ന ക്യാമറയില്‍ ജെ.പി.ഇ.ജി, റോ എന്നീ ഫോര്‍മാറ്റുകളില്‍ ചിത്രങ്ങള്‍ പകര്‍ത്താനാകും. ഡി .എസ്.എല്‍.ആര്‍ ക്യാമറയ്ക്ക് സമാനമായ എക്‌സ്‌പോഷര്‍ മോഡുകളും വൈവിധ്യമേറിയ സീന്‍ മോഡുകളും ഈ ക്യാമറയെ മറ്റു ബ്രിഡ്ജ് ക്യാമറകളി നിന്നും വേറിട്ടതാക്കുന്നു.
SD/SDHC/SDXC കാര്‍ഡുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്താനാകുന്ന ഈ ക്യാമറയുടെ പ്രധാന സവിശേഷത ‘4K ഫോട്ടോ’ സൗകര്യമാണ്; 4K ഫോട്ടോ ബള്‍ക്ക് സേവിങ്ങ് (Bulk Saving) മോഡിലൂടെ തുടര്‍ച്ചയായി പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്നും മികവുറ്റതിനെ കണ്ടെത്താന്‍ സാധിക്കും. ഷൂട്ടിങ്ങിനു ശേഷം ചിത്രത്തിലെ ഫോക്കസ് മാറ്റാനും, ഡെപ്ത് ഓഫ് ഫീല്‍ഡ് ക്രമീകരിക്കാനും കഴിയുന്ന ഫോക്കസ് സ്റ്റാക്കിങ് സവിശേഷതയും ലുമിക്‌സിന്റെ ഈ ബ്രിഡ്ജ് ക്യാമറയെ മികവുറ്റതാക്കുന്നു.
വീഡിയോ പെര്‍ഫോമന്‍സ്
പ്രൊഫഷണല്‍ മൂവീ റെക്കോര്‍ഡിങ് സാധ്യമാകുന്ന ക്യാമറയില്‍ 4K വീഡിയോ റെക്കോര്‍ഡിങ് സൗകര്യവുമുണ്ട്. വീഡിയോ റിക്കോര്‍ഡിങ് മോഡില്‍ സമയ പരിമിതിയില്ല എന്നതിനാല്‍ കാര്‍ഡിലെ സ്പേസ് തീരുംവരെ റെക്കോര്‍ഡിങ് സാധ്യമാണ്. 200 എംബിപിഎസ് വരെ ഉയര്‍ന്ന ബിറ്റ് റേറ്റില്‍ ഫുള്‍ എച്ച്ഡി റിക്കോര്‍ഡിങ്ങും അനുവദിക്കുന്ന ക്യാമറ MOV,MP4,AVCHD എന്നീ ഫോര്‍മാറ്റുകളില്‍ റെക്കോര്‍ഡിങ്ങിന് അവസരമൊരുക്കും.
മൈക്രോ എച്ച്.ഡി.എം.ഐ കേബിള്‍ ഉപയോഗിച്ച് പുറമെയുള്ള ഒരു മോണിറ്ററിലേക്ക് ലൈവ് ഔട്ട്പുട്ട് കണക്ട് ചെയ്യാനുള്ള സംവിധാനം ഈ ക്യാമറയിലുണ്ട്. 4:2:2/10 ബിറ്റ് റിക്കോര്‍ഡിങ്ങ് സാധ്യമാകുന്ന ക്യാമറ ഈ നിലവാരത്തിലുള്ള എച്ച്.ഡി.എം.ഐ ഔട്പുട്ടും 4:2:2/8 ബിറ്റ് എച്ച്.ഡി.എം.ഐ ഔട്പുട്ടും നല്‍കുന്നുണ്ട്. പോസ്റ്റ് പ്രൊഡക്ഷനിലെ നിലവാരം ഉറപ്പു വരുത്താന്‍ സഹായിക്കുന്ന വി-ലോഗ്എല്‍ റെഡി വീഡിയോ റെക്കോര്‍ഡിങ് ഈ ക്യാമറയില്‍ സാധ്യമാണ്. സിനിമാറ്റിക് ഇഫക്റ്റുകളുള്ള ക്യാമറയില്‍ ഡോളി സൂം, 4K ലൈവ് ക്രോപ്പിംഗ് എന്നിവ സാധ്യമാണ്.
രൂപകല്‍പ്പന
മികച്ച ഗ്രിപ്പ് നല്‍കുന്ന രൂപകല്‍പ്പനയോടെ എത്തുന്ന ലുമിക്‌സ് FZ 2500 ക്യാമറയില്‍ ഡി.എസ്.എ.ആര്‍ ലെന്‍സുകളിലേതിന് സമാനമായ ഇരട്ട ലെന്‍സ് റിംഗുകളുണ്ട്. മൈക്രോഫോണ്‍ ഇന്‍പുട്ട് നല്‍കുന്നതിനായി ഒരു 3.5 എംഎം ജാക്കും; ഹെഡ്ഫോണ്‍ ഉപയോഗിച്ച് ഓഡിയോ മോണിറ്റര്‍ ചെയ്യാന്‍ മറ്റൊരു 3.5 എംഎം ജാക്കും നല്‍കിയിട്ടുണ്ട്. ലെന്‍സിൻ്റെ ഇടതു വശത്തായി ക്രമീകരിച്ചിരിക്കുന്ന മൂന്നു കസ്റ്റം ഫങ്ക്ഷന്‍ ബട്ടണുകളും നാല് എന്‍.ഡി ഫിറ്റര്‍ മോഡുകള്‍ എളുപ്പത്തില്‍ തിരഞ്ഞെടുക്കാനുള്ള സ്വിച്ചും ഈ ക്യാമറയെ കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലി ആക്കി മാറ്റുന്നു.
ഉയര്‍ന്ന മാഗ്‌നിഫിക്കേഷന്‍ റേഷ്യോയോടെ വരുന്ന വലിയ ഒ.എല്‍.ഇ.ഡി ലൈവ് വ്യൂഫൈന്‍ഡര്‍ കണ്ണിൻ്റെ ആയാസമകറ്റുന്നു. 270 ഡിഗ്രി മുകളിലേക്കും താഴേക്കും തിരിക്കാന്‍ പറ്റുന്ന 3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഉപയോഗിച്ച് ഫോക്കസ് പോയിന്റ് തിരഞ്ഞെടുക്കാനും ഷട്ടര്‍ റിലീസ് ചെയ്യാനും ഉപയോഗിക്കാം. ഷട്ടര്‍ സ്പീഡ്, അപേര്‍ച്ചര്‍ എന്നിവ മാറ്റാന്‍ കഴിയുന്ന രണ്ട് ഡയലുകള്‍ ക്യാമറയുടെ ഉപയോഗം എളുപ്പമാക്കുന്നു.
സോണി DSC-RX10 III എന്ന ഫിക്‌സഡ് ലെന്‍സ് ക്യാമറയുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയുടെ കാര്യത്തിലും പ്രകടനത്തിലും മികച്ച ക്യാമറയായ FZ2500 വിലയ്ക്കൊത്ത മൂല്യം നല്‍കുന്നു. ലാന്‍ഡ്‌സ്‌കേപ്പ്, വൈല്‍ഡ് ലൈഫ് എന്നിവയ്ക്ക് കൂടുതല്‍ അനുയോജ്യമായ ഈ ക്യാമറ ഉപയോഗിച്ച് മികച്ച പോര്‍ട്രൈറ്റുകളും പകര്‍ത്താനാകും. വീഡിയോഗ്രാഫി മാത്രം മുന്നില്‍ കണ്ടുകൊണ്ട് ക്യാമറ വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്കും മികച്ച ഒരു ഓപ്ഷനാണ് ഈ ക്യാമറ. ഫിക്‌സഡ് ലെന്‍സ് ക്യാമറ പോരായ്മയായി കാണുന്നവരേക്കാള്‍ ഇതൊരു നേട്ടമായി പരിഗണിക്കുന്നവര്‍ക്ക് കണ്ണടച്ച് വാങ്ങാവുന്ന ഒരു ക്യാമറയാണിത്. ഇപ്പോള്‍ 83,000 രൂപയ്ക്ക് ഈ ക്യാമറ വിപണിയില്‍ ലഭ്യമാണ്.