ലണ്ടന്‍: ടെന്നീസ് കരിയറില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ പിന്നിടാത്ത റെക്കോഡുകളില്ല. കരിയറില്‍ പതിനെട്ട് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ അക്കൗണ്ടിലുള്ള ഫെഡറര്‍ വിംബിള്‍ഡണിന്റെ ആദ്യ റൗണ്ടില്‍ മറ്റൊരു റെക്കോഡ് കൂടി പിന്നിട്ടു. പതിനായിരം എയ്‌സുതിര്‍ക്കുന്ന മൂന്നാമത്തെ എ.ടി.പി താരമെന്ന റെക്കോഡാണ് ഫെഡറര്‍ നേടിയത്.
12,062 എയ്‌സുമായി ഇവോ കാര്‍ലോവിച്ചാണ് എയ്‌സ് പട്ടികയില്‍ മുന്നില്‍. 10,131 എയ്‌സുതിര്‍ത്ത ഗൊരാന്‍ ഇവാനിസേവിച്ച് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. 1990 മുതലാണ് എ.ടി.പി അധികൃതര്‍ റെക്കോഡ് സൂക്ഷിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഡേവിസ് കപ്പ് മത്സരങ്ങളിലെ പ്രകടനം ഇതില്‍ ഉള്‍പ്പെടുത്തില്ല.
വിംബിള്‍ഡണിന് മുമ്പ് ഫെഡററുടെ അക്കൗണ്ടില്‍ 9994 എയ്‌സുകളാണുണ്ടായിരുന്നത്. എന്നാല്‍ അലക്‌സാണ്ടര്‍ ഡോല്‍ഗൊപൊലോവിനെതിരായ ആദ്യ മത്സരത്തില്‍ 10 എയ്‌സുകള്‍ കൂടി നേടി ഫെഡറര്‍ 10000 എയ്‌സ് പിന്നിട്ടു.