സ്മാർട് ഫോൺ എന്ന ആശയം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച, ആൻഡ്രോയ്ഡ് ഉൾപ്പെടെയുള്ള വിപ്ലവങ്ങൾക്കു വിത്തുപാകിയ ആപ്പിൾ ഐഫോൺ പുറത്തിറങ്ങിയിട്ട് 10 വർഷം. 2007 ജൂൺ 29ന് ഏകദേശം 20,000 രൂപയ്ക്കാണ് ആദ്യ ഐഫോൺ വിപണിയിലെത്തിയത്. ആദ്യ വാരം വിലകൂടിയ കളിപ്പാട്ടമെന്നു പലരും വിമർശിച്ച ഐഫോൺ മൂന്നു മാസത്തിനുള്ളിൽ 15 ലക്ഷം ഫോണുകൾ വിറ്റഴിച്ച് ചരിത്രം കുറിച്ചു. അവിടുന്നിങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ആപ്പിളിന്.
അന്നു വരെ സ്മാർട് ഫോൺ സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്ന ബ്ലാക്ബെറിയുടെ വിൽപന റെക്കോർഡുകൾ തകർത്തുകൊണ്ട് ആപ്പിൾ പുതിയ ചരിത്രം കുറിച്ചു. 2008 അവസാനമായപ്പോഴേക്കും ആപ്പിൾ വിറ്റഴിച്ചത് 61 ലക്ഷം ഐഫോണുകൾ. നോക്കിയ ഒന്നാമതും സാംസങ് രണ്ടാമതും നിൽക്കുന്ന ലോക മൊബൈൽ ഫോൺ വിപണിയിൽ മൂന്നാം സ്ഥാനത്തെത്തിയ ആപ്പിളിന്റെ പിന്നീടുള്ള വളർച്ച പെട്ടെന്നായിരുന്നു.
2010 ആയപ്പോഴും വിപണിയിൽ 4 ശതമാനം സാന്നിധ്യം മാത്രമുള്ളപ്പോഴും 50 ശതമാനത്തിലേറെ ലാഭം കൊയ്ത് ആപ്പിൾ അതിവേഗം വളർന്നു. ഓരോ ഐഫോണും വിൽപനയിൽ റെക്കോർഡ് തീർത്തു. കഴിഞ്ഞ 10 വർഷം കൊണ്ട് ആപ്പിൾ 120 കോടി ഐഫോണുകൾ വിറ്റഴിച്ചെന്നാണ് കണക്ക്. ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡൽ ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവയും.
ആദ്യ ഐഫോൺ മുതൽ ഐഫോൺ 7 പ്ലസ് വരെ ഇതുവരെ പുറത്തിറക്കിയത് 15 മോഡലുകൾ. ഐഫോൺ 3ജി (2008-2010), ഐഫോൺ 3ജിഎസ് (2009-12), ഐഫോൺ 4 (2010-13), ഐഫോൺ 4എസ് (2011-14), ഐഫോൺ 5 (2012-13), ഐഫോൺ 5സി (2013-15), ഐഫോൺ 5എസ് (2013-16), ഐഫോൺ 6 (2014-16), ഐഫോൺ 6 പ്ലസ് (2014-16), ഐഫോൺ 6 എസ് (2015 മുതൽ), ഐഫോൺ 6 എസ് പ്ലസ് (2015 മുതൽ), ഐഫോൺ എസ്ഇ (2016 മുതൽ), ഐഫോൺ 7 (2016 മുതൽ), ഐഫോൺ 7 പ്ലസ് (2016 മുതൽ) എന്നിവയാണ് ആപ്പിൾ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള ഫോണുകൾ.