കസാൻ (റഷ്യ): മെക്‌സിക്കോയെ ഗോൾമഴയിൽ മുക്കി ജർമനി കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോളിൻ്റെ ഫെെനലിൽ കടന്നു. കളിയുടെ തുടക്കം മുതലേ ആധിപത്യം പുലർത്തിയ ജർമനി 4-1നാണ് മെക്‌സിക്കോയെ തകർത്തത്. ഞായാറാഴ്ച നടക്കുന്ന ഫെെനലിൽ ജർമനി ചിലിയെ നേരിടും.
കളിയുടെ തുടക്കത്തിൽ മിഡ്ഫീൽഡർ ലിയോൺ ഗോറെറ്റ്‌സ്‌ക നേടിയ രണ്ടു ഗോളുകളാണ് ജർമൻ വിജയം അനായാസമാക്കിയത്. ആറ്, എട്ട് മിനിട്ടുകളിലായിരുന്നു ഗോറെറ്റ്‌സ്‌കയുടെ ഗോളുകൾ. 59ആം മിനിട്ടിൽ ടിമോ വെർണർ നേടിയ ഗോളിലൂടെ ജർമനി മൂന്നാമതും മെക്‌സിക്കോയുടെ വല നിറച്ചു.
കളി അവസാന നിമിഷത്തിൽ എത്തി നിൽക്കെ 89ആം മിനിട്ടിൽ മെക്സിക്കോ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും അടുത്ത മിനിട്ടിൽ തന്നെ അമീൻ യൂനുസ് ജർമനിയുടെ നാലാം ഗോളും നേടി. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ കളി 1–1 സമനിലയിലായിരുന്നു.