ചരക്കു സേവന നികുതി അഥവാ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് (GST) ജൂലൈ ഒന്നു മുതല്‍ നടപ്പിൽ വരികയാണ്. ജിഎസ്ടി നടപ്പില്‍ വരുമ്പോള്‍ ലാഭമുണ്ടാവുന്ന ധാരാളം കമ്പനികളുണ്ട്. സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ തന്നെ ഉദാഹരണം. ജിഎസ്ടി നിയമങ്ങള്‍ക്ക് അനുസൃതമായ സോഫ്റ്റ്‌വെയറുകള്‍ നിര്‍മിച്ച് വില്‍ക്കാനുള്ള കൃത്യം സമയമാണിപ്പോള്‍. നമ്മുടെ കയ്യിലുള്ള പഴയ ഫോണ്‍ ഓണ്‍ലൈനില്‍ വില്‍ക്കണമെങ്കില്‍ പോലും അതിനും ജിഎസ്ടി നിയമങ്ങള്‍ ബാധകമാണ് എന്നിരിക്കെ ഇതിന്റെ ബിസിനസ് സാധ്യതകള്‍ കൃത്യമായി മുന്നില്‍ കണ്ടുകൊണ്ടു തന്നെ മുന്നോട്ടു നീങ്ങുന്ന കമ്പനികളും ധാരാളമുണ്ട്. ഇബേ അടക്കമുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കഴിഞ്ഞു.
ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്‌ഫോമായ ഇബേ ക്ലിയര്‍ടാക്‌സുമായി ചേര്‍ന്ന് വില്‍പ്പനക്കാര്‍ക്കുള്ള ജിഎസ്ടി പരിശീലനം തുടങ്ങി. എത്ര ചെറിയ വിലയ്ക്കുള്ള ഉല്‍പ്പന്നമാണ് വില്‍ക്കുന്നതെന്ന് നോക്കാതെ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വില്‍ക്കുന്നവരെല്ലാം ജിഎസ്ടി രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇബേ കൃത്യമായി നിഷ്‌കര്‍ഷിക്കുന്നത്. പഴയ ഉല്‍പ്പന്നങ്ങളാണ് വില്‍ക്കുന്നതെങ്കില്‍ പോലും ഇത് കൃത്യമായി ചെയ്യണമെന്ന് ഇബേ തങ്ങളുടെ ഗൈഡ്‌ലൈന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈ ഒന്നു മുതല്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലുള്ള എല്ലാ വില്‍പ്പനക്കാര്‍ക്കും ജിഎസ്ടി ബാധകമാവുകയാണ്. ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുള്ള ചരക്കുകളെയും സര്‍വീസുകളെയും മൂല്യമുള്ള മറ്റു വസ്തുക്കളുടെയും വിവരങ്ങള്‍ അവലോകനം ചെയ്യുന്നതാണെന്നും ഇബേ തങ്ങളുടെ വെബ്സൈറ്റില്‍ പറയുന്നുണ്ട്.
എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും ഇത് ബാധകമാണ്. ഉദാഹരണത്തിന് പഴയ ഫോണ്‍ ഒഎല്‍എക്‌സിലോ ക്വിക്കറിലോ വില്‍ക്കുകയാണ് എന്നിരിക്കട്ടെ. അപ്പോഴും ജിഎസ്ടി രജിസ്റ്റര്‍ ചെയ്യണം. പണം ഓഫ്‌ലൈന്‍ ആയിട്ടാണ് അടയ്ക്കുന്നത് എങ്കില്‍പ്പോലും ഇത് ചെയ്യാതിരിക്കാനാവില്ല.
എന്നാല്‍ ഏതെല്ലാം ഉല്‍പ്പന്നങ്ങളാണ് ജിഎസ്ടിക്ക് കീഴില്‍ വരികയെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഇതുവരെ ആയിട്ടില്ല. തങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്ന് ഇബേ പറയുന്നു. വില്‍പ്പനക്കാര്‍ എല്ലാവരും തന്നെ ജിഎസ്ടി നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ജിഎസ്ടി നിലവില്‍ വരുന്നതിനു മുന്‍പേ ഈയാഴ്ച തന്നെ ഇക്കാര്യങ്ങളില്‍ മതിയായ മുന്‍കരുതലുകള്‍ നടപ്പിലാക്കും.
ഏതെങ്കിലും ഇകൊമേഴ്‌സ് വെബ്‌സൈറ്റിലൂടെ പഴയ ഫോണ്‍ വില്‍ക്കുന്നു എന്നിരിക്കട്ടെ, ആദ്യം അതിന്റെ മൂല്യം നിര്‍ണ്ണയിക്കണം. ഇതിനാവശ്യമായ ജിഎസ്ടി തുക കണ്ടെത്തി അത് സർക്കാരിലേക്ക് കെട്ടി വെക്കണം. എന്നാല്‍ ഓഫ്‌ലൈനില്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് ഇതിന്റെയൊന്നും ആവശ്യം വരില്ല. വില്‍ക്കുന്ന സാധനത്തിന്റെ മൂല്യം ഇരുപതു ലക്ഷത്തിനു മുകളില്‍ ആണെങ്കില്‍ മാത്രം ഇത് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് ക്ലിയര്‍ടാക്‌സ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദഗ്ധർ പറയുന്നത്. എന്നാല്‍ മിക്ക കച്ചവടങ്ങളും ഓണ്‍ലൈനില്‍ അവസാനിക്കുന്നില്ല എന്നതുകൊണ്ടു തന്നെ ഇവിടെയും കണ്‍ഫ്യൂഷന്‍ അവസാനിക്കുന്നില്ല.