
ന്യൂഡല്‍ഹി: ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
1950ന് ശേഷമുള്ള മുഴുവന്‍ ഭൂരേഖകള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. ഓഗസ്റ്റ് 14നകം നടപടികള്‍ പൂര്‍ത്തിയാക്കണം. ആധാറുമായി ബന്ധിപ്പിക്കാത്തത് ബിനാമി ഇടപാടായി കണക്കാക്കുമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്രം വ്യക്തമാക്കുന്നു.
ഈമാസം 15ന് ആണ് ആധാരവും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദേശം കേന്ദ്രം മുന്നോട്ടുവച്ചത്. ചീഫ് സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, നീതി ആയോഗ് സെക്രട്ടറി തുടങ്ങിയവര്‍ക്കാണ് കത്തയച്ചിരിക്കുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് നിര്‍ദേശങ്ങളും കേന്ദ്രം തേടിയിട്ടുണ്ട്.
എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഡിസംബര്‍ 31നകം എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം. അല്ലാത്ത പക്ഷം നിലവിലുള്ള അക്കൗണ്ടുകള്‍ അസാധുവാകും. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment